തിരുവനന്തപുരം : ദേശീയ സെൻസസ് 2027ന്റെ ആദ്യഘട്ടമായ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസും ഇന്നു മുതൽ 30 വരെ നടക്കും. ഈ കാലയളവിൽ എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം നടത്തും. ജില്ലയെ താലൂക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ 16 ചാർജുകളായി തിരിച്ചാണ് എന്യൂമറേറ്റർമാരെ വിന്യസിച്ചിട്ടുള്ളത്.ആകെ 33 ചോദ്യങ്ങളാണ് വീടുകളിലെത്തുന്ന എന്യൂമറേറ്റർ വിവരശേഖരണത്തിനായി ചോദിക്കുക. ഈ ചോദ്യങ്ങൾ നേരത്തെ വെബ്‌സൈറ്റിൽ പ്രവേശിച്ച് സെൽഫ് എന്യൂമറേഷൻ നടത്താൻ ജൂൺ 30 വരെ അവസരം നൽകിയിരുന്നു.
സെൽഫ് എന്യൂമറേഷൻ മുഖേന വിവരം നൽകിയവർക്ക് ലഭിച്ച, എച്ചിൽ തുടങ്ങുന്ന 11 അക്ക എസ്.ഇ ഐഡി നമ്പർ എന്യൂമറേറ്റർക്ക് നൽകിയാൽ എന്യൂമറേറ്റർക്ക് ഈ 33 ചോദ്യങ്ങൾക്ക് വീണ്ടും വിവരശേഖരണം നടത്തേണ്ടതില്ല. നൽകിയ ഉത്തരങ്ങൾ സ്ഥിരീകരിച്ചാൽ മാത്രം മതി. സെൽഫ് എന്യൂമറേഷൻ മുഖേന നൽകിയ വിവരങ്ങളിൽ തിരുത്ത് ഉണ്ടെങ്കിൽ അത് എന്യൂമറേറ്ററുടെ ശ്രദ്ധയിൽപ്പെടുത്തി തിരുത്തുകയും ചെയ്യാം.






