കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ നരഹത്യാ കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് ഇന്ന് പുറത്തിറങ്ങും. സുഹൈലിന്റെ കൂട്ടു പ്രതികളായ മൂന്നുപേർ നവംബർ ആറിന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടർന്നാണ് സുഹൈൽ 10 ദിവസം കൂടി ജയിലിൽ തുടരട്ടെ എന്ന് കോടതി ഉത്തരവിട്ടത്. രണ്ടും മൂന്നും നാലും പ്രതികളായ നിനവ്, ജോയൽ, അമീൻ എന്നിവർക്കായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ചത് ഗുരുതര കുറ്റമാണെന്നതുൾപ്പടെയുള്ള വാദങ്ങൾ മുൻ നിർത്തി സർക്കാർ ജാമ്യാപേക്ഷയെ എതിർത്തിരുന്നു. 162 കിലോമീറ്റർ വേഗത്തിലാണ് കാർ പാഞ്ഞത്. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ പ്രതികൾ ശ്രമിച്ചില്ലെന്നും അമിതവേഗത്തിലുള്ള ഡ്രൈവിങ് പ്രതികൾ ആഘോഷമാക്കിയെന്നും ഡിജിപി കോടതിയിൽ വാദിച്ചു. എന്നാൽ, പ്രതികൾ വിദ്യാർഥികളാണെന്നും ക്രിമിനൽ പശ്ചാത്തലമില്ലെന്നും പഠനം മുടങ്ങി എന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.11 സെക്കൻഡിൽ അര കിലോമീറ്ററാണ് കാർ പിന്നിട്ടത്. സുഹൈലിന്റെ കൂട്ടുപ്രതികൾ ഇതിൻ്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചിരുന്നു. അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് പകർത്തിയ ദൃശ്യങ്ങളും പ്രതികളിൽ ഒരാളായ ജോയലിൻ്റെ ഫോണിൽ നിന്ന് ലഭിച്ചിരുന്നു.






