തിരുവനന്തപുരം : രണ്ട് ദിവസമായി സംസ്ഥാനത്തെ എഐ ക്യാമറകൾ കണ്ണടച്ചെന്നും പിഴ ഈടാക്കാനാവുന്നില്ലെന്നും കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത് ശരിയല്ലെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എഐ ക്യാമറകളുടെ കണ്ണുകൾ തുറന്നുതന്നെ ഇരിപ്പുണ്ട്, അവയിൽ റോഡിലെ നിയമലംഘനങ്ങൾ പതിയുന്നുമുണ്ട്. പക്ഷേ വാഹന ഉടമകൾക്ക് ചെല്ലാൻ അയക്കാൻ ഇപ്പോൾ കഴിയുന്നില്ലെന്ന് മാത്രം. അതായത് നിയമലംഘനങ്ങളിൽ മോട്ടോർ വാഹനവകുപ്പിന് പിഴ ഈടാക്കാൻ കഴിയുന്നില്ല. എന്നാൽ ഈ നിയമലംഘനത്തിനു കൂട്ടത്തോടെ ചെലാൻ അയക്കാൻ എഐ ക്യാമറയിൽ സംവിധാനം ഉണ്ട്.
ക്യാമറകളുടെ പ്രവർത്തനത്തിനുള്ള നെറ്റ് കണക‌്‌ഷൻ റദ്ദാക്കിയതാണ് മോട്ടോർ വാഹനവകുപ്പിന് പിഴ ഈടാക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാക്കിയത്. അതേസമയം, എഐക്യാമറിയിൽ പകർത്തുന്ന ദൃശ്യങ്ങൾ ഇപ്പോഴും സെർവറിൽ സൂക്ഷിക്കുന്നുണ്ട്. ഇന്റർനെറ്റ് കണക്‌ഷൻ പുനസ്ഥാപിക്കുന്നതോടെ ഈ ചിത്രങ്ങൾ മോട്ടോർ വാഹനവകുപ്പിൻറെ കൺട്രോൾ റൂമിലേക്ക് എത്തുകയും ചെയ്യും. മോട്ടോർ വാഹനവകുപ്പിനായി എഐ ക്യാമറകളുടെ പ്രവർത്തനവും പരിപാലനവും കെൽട്രോണാണ് നിർവഹിക്കുന്നത്. ഇതിനായി അവർക്ക് മൂന്ന് മാസം കൂടുമ്പോൾ 12 കോടിയോളം രൂപ മോട്ടോർ വാഹനവകുപ്പ് നൽകണമെന്നാണ് കരാർ. എന്നാൽ കഴിഞ്ഞ ഒന്നേകാൽ വർഷമായി ഈ തുക നൽകിയിട്ടില്ല. ക്യാമറകളും മോട്ടോർ വാഹന വകുപ്പിന്റെ കൺട്രോൾ റൂമും തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്റർനെറ്റ് കുടിശ്ശിക കൂടിയതോടെ സ്വകാര്യ കമ്പനി റദ്ദാക്കി. ഇതോടെയാണ് എഐ ക്യാമറ പണിമുടക്കി എന്ന റിപ്പോർട്ടുകൾ പ്രചരിക്കാൻ ഇടയാക്കിയത്.






