കരുവാരകുണ്ട്: കരുവാരകുണ്ട് കേരള എസ്റ്റേറ്റിനു സമീപം വീണ്ടും കടുവയുടെ സാന്നിധ്യം. കേരള എസ്റ്റേറ്റ് സി ഡിവിഷൻ കുനിയൻമാട്ടിലാണ് വെള്ളിയാഴ്ച രാവിലെ ടാപ്പിംഗ് തൊഴിലാളികള്‍ കടുവയെ കണ്ടത്.കടുവയുടെ ആക്രമണത്തില്‍പ്പെടാതെ തൊഴിലാളികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് നിലമ്പൂർ സൗത്ത് ഡിഎഫ്‌ഒ ജി. ധനിക്ലാലിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം പ്രദേശത്ത് പരിശോധന നടത്തി.മലയോരത്ത് അനുഭവപ്പെടുന്ന കനത്ത മഴയെത്തുടർന്ന് ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്താനായില്ല.
കടുവയെ കണ്ട ഭാഗങ്ങളില്‍ നിരീക്ഷണ കാമറ സ്ഥാപിക്കുമെന്നും പ്രദേശത്ത് കടുവയെ കാണപ്പെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഡിഎഫ്‌ഒ ഓർമിപ്പിച്ചു.കഴിഞ്ഞ ജൂലൈ മാസത്തില്‍ വനംവകുപ്പ് കരുവാരകുണ്ടില്‍ സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയിരുന്നു.കരുവാരകുണ്ടിന്റെ മലയോര കൃഷിയിടങ്ങളില്‍ കടുവകള ഇനിയുമുണ്ടെന്ന് കർഷകരും കർഷകത്തൊഴിലാളികളും അന്ന്ചൂണ്ടിക്കാട്ടിയിരുന്നു.സൈലന്റ് വാലി വനമേഖലയില്‍നിന്നാണ് കാട്ടുമൃഗങ്ങള്‍ പ്രദേശത്തെ ജനവാസ കേന്ദ്രങ്ങളിലെത്തി ഭീതി വിതക്കുന്നതെന്ന് വർഷങ്ങള്‍ക്കു മുമ്പേ മലയോരജനത വ്യക്തമാക്കിയിട്ടുള്ളതാണ്.
സൈലന്റ് വാലി വനമേഖലയില്‍നിന്ന് കൂമ്പൻ മലയിടുക്ക് വഴിയും കല്‍കുണ്ട് മണലിയാംപാടം വഴിയും എളുപ്പത്തില്‍ കരുവാരകുണ്ടിന്റെ മലയോരത്ത് കടുവകള്‍ക്ക് എത്തിപ്പെടാമെന്നും മലയോരകർഷകർ പറയുന്നു.ഒരു വർഷം മുന്പ് സമീപ പ്രദേശമായ കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയായ യുവാവിനെ കടുവ പിടികൂടി കൊലപ്പെടുത്തിയതോടെയാണ് അധികൃതർ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങിയത്. കടുവയെ പിടികൂടാൻ കരുവാരകുണ്ടില്‍ സ്ഥാപിച്ച കൂട്ടില്‍ പുള്ളിപ്പുലിയും കുടുങ്ങിയിരുന്നു.പ്രദേശത്ത് പുള്ളിപ്പുലിയുടെ സാന്നിധ്യമുണ്ടെന്നും വളർത്തുമൃഗങ്ങളെ ഇവ ഇരയാക്കുന്നുണ്ടെന്നും നാട്ടുകാർ വനപാലകരെ നേരത്തേ അറിയിച്ചിരുന്നതാണ്. എന്നാല്‍ വനംവകുപ്പ് അധികൃതർ ഇത് അംഗീകരിച്ചിരുന്നില്ല.
കഴിഞ്ഞ വർഷം കേരള എസ്റ്റേറ്റ് എ ഡിവിഷന് സമീപം തോട്ടം തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശിനിയെ കടുവ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. കേരള എസ്റ്റേറ്റില്‍ കടുവയെ കണ്ടതായുള്ള വാർത്ത പരന്നതോടെ തൊഴിലിടങ്ങളില്‍ പണിയെടുത്ത തൊഴിലാളികള്‍ ജോലി നിർത്തി പോകേണ്ട സാഹചര്യവും ഉണ്ടായി.റബറിന് മെച്ചപ്പെട്ട വില ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ടാപ്പിംഗ് നിലക്കുന്നത് കർഷകരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇടയ്ക്കിട മേഖലയില്‍ കടുവയുടെ സാന്നിധ്യം അനുഭവപ്പെടുന്നത് മലയോരജനതയെ തെല്ലൊന്നുമല്ല ആശങ്കയിലാക്കുന്നത്.






