തൃശൂർ: ഓക്സിജനെ ഊർജമായി മാറ്റുന്ന കോശങ്ങളുടെ പ്രോട്ടോൺ പമ്പിങ് പ്രക്രിയയുടെ അറ്റോമിക് രഹസ്യം കണ്ടെത്തി മലയാളി യുവ ശാസ്ത്രജ്ഞൻ. ഒല്ലൂർ കല്ലൂർ സ്വദേശി ഡോ. അനക്സ് ജോസിൻ്റെ ചരിത്ര നേട്ടം ‘പ്രൊസീഡിങ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസ്’ എന്ന ശാസ്ത്ര ജേർണലിൽ പ്രസിദ്ധീകരിച്ചു.
ശ്വാസകോശസംബന്ധമായ ചികിത്സകൾക്കും മരുന്നു നിർമാണത്തിനും കണ്ടെത്തൽ ഗുണകരമാവും. സ്റ്റാൻഫോർഡ് സർവകലാശാലയിലെ പിഎച്ച്ഡിക്കുശേഷം ലോറൻസ് ബെർക്ക്ലി നാഷണൽ ലബോറട്ടറിയി പോസ്റ്റ് ഡോക്ടടറൽ ഫെലോയാണ് അനക്സ്.ഓക്സിജൻ ഉപയോഗിച്ച് ഊർജം നിർമിക്കുന്ന പ്രക്രിയയാണ്ശ്വസനത്തിലൂടെ ജീവകോശങ്ങളിൽ നടക്കുന്നത്. ഹീം – കാപ്പർ ഓക്സിഡേസുകൾ എന്ന എൻസൈമുകൾ മുഖേനയാണ് ഈ പ്രവർത്തനം. ഇവ ഓക്‌സിജനെ വെള്ളമാക്കുന്നതിനൊപ്പം മെന്പ്രൈനിലൂടെ പ്രോട്ടോണുകൾ പമ്പ് ചെയ്ത് എടിപി നിർമാണത്തിനാവശ്യമായ പ്രോട്ടോൺ ഗ്രേഡിയന്റ് സൃഷ്ടിക്കുന്നു.
ഇതിൻ്റെ കൃത്യമായ അറ്റോമിക് പ്രവർത്തനരീതി ശാസ്ത്രലോകം കണ്ടെത്തിയിരുന്നില്ല. ഇതിനാണ് അനക്സ് ഉത്തരം നൽകുന്നത്. 2021ൽ നടത്തിയ പഠനത്തിൽ ഓക്സിജനിൽ നിന്ന് വെള്ളം ഉണ്ടാക്കുന്ന രാസപ്രവർത്തനത്തിന് ആവശ്യമായ നാല് ഇലക്ട്രോണുകളിൽ നാലാമത്തെ ഇലക്ട്രോണിന്റെ സ്രോതസ്സ് അനക്സ് കണ്ടെത്തിയിരുന്നു. ഇതിലൂടെ ഓക്സിജൻ കുറയുന്ന ആദ്യഘട്ടത്തിന്റെ ഇലക്ട്രോൺ ഘടന വ്യക്തമായി.ഹീം -കാപ്പർ ഓക്സിഡേസുകളുടെ പ്രവർത്തനം മനസ്സിലാക്കാൻ ശാസ്ത്രീയ അടിത്തറയും ഒരുക്കി.
പുതിയ ഗവേഷണത്തിൽ എഫ് എന്ന നിർണായക ഇടനിലാവസ്ഥയിൽ കോപ്പർ കേന്ദ്രവും അതുമായി ബന്ധിപ്പിച്ച ടൈറോസിൻ ഘടകവും തമ്മിൽ ഇലക്ട്രോണുകൾ പങ്കിടുന്ന ഡിലോസലൈസ്‌ഡ് റാഡിക്കൽ അവസ്ഥ കണ്ടെത്തി. ഈ അവസ്ഥയാണ് പ്രോട്ടോണുകളുടെ നീക്കം നേരിട്ട് നിയന്ത്രിക്കുന്ന പ്രധാന ഘടകമെന്നും പഠനം വ്യക്തമാക്കുന്നു.സിപിഐ എം ഒല്ലൂർ ഏരിയകമ്മിറ്റി അംഗം കല്ലൂർ ജോസ് തെക്കേത്തലയുടെയും ജെസിയുടെയും മകനാണ്. ഭാര്യ എൽസ റോസ് അമേരിക്ക സാൻ ഹോസെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ആർട്ടിഫിഷ്യൽ ഡാറ്റാ ഇന്റലിജൻസിൽ മാസ്റ്റേഴ് വിദ്യാർഥിയാണ്.






