spot_img
Wednesday, August 19, 2026

നാടിന്റെ ഉറക്കം കെടുത്തി മോട്ടോർ കള്ളന്മാർ; പോലീസിൽ പരാതി പ്രവാഹം, ആശങ്കയിൽ നാട്ടുകാർ.



അരീക്കോട്: അരീക്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ വീടുകളിലെയും പൊതുസ്ഥലങ്ങളിലെയും കിണറുകളിൽ നിന്ന് മോട്ടോറുകളും പമ്പ് സെറ്റുകളും മോഷ്ടിക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ മോട്ടോർ മോഷണവുമായി ബന്ധപ്പെട്ട് ഇരുപതോളം പരാതികളാണ് അരീക്കോട് സ്റ്റേഷനിൽ ലഭിച്ചത്.കിഴിശ്ശേരി, കാവനൂർ, കിഴുപറമ്പ് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 15-ലധികം മോട്ടോറുകളാണ് ഇതുവരെ മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയത്.പകൽ സമയങ്ങളിൽ ആളില്ലാത്ത വീടുകളും സാഹചര്യങ്ങളും നിരീക്ഷിച്ച് മനസ്സിലാക്കിയ ശേഷം രാത്രികാലങ്ങളിലെത്തി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. രാവിലെ ഉറക്കമുണർന്ന് വെള്ളത്തിനായി മോട്ടോർ സ്വിച്ച് ഓൺ ചെയ്യുമ്പോഴാണ് കിണറിലെ മോട്ടോറും പൈപ്പുകളും നഷ്ടപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്.

കിഴിശ്ശേരി പുളിയക്കോട്, ആക്കപറമ്പ്, കാവനൂർ പഞ്ചായത്തിലെ എളയൂർ, ഇരുവേറ്റി, വടശ്ശേരി, കിഴുപറമ്പ് പഞ്ചായത്തിലെ കുനിയിൽ എന്നിവിടങ്ങളിലാണ് മോഷണം രൂക്ഷമായിരിക്കുന്നത്.പുളിയക്കോട് ആക്കപറമ്പ് സ്വദേശി കോതേരി നാസറിന്റെ വീട്, സമീപത്തെ ഫുട്ബോൾ ടർഫ് എന്നിവിടങ്ങളിലെ കിണറുകളിൽ നിന്നും മോട്ടോറുകൾ കവർന്നു.കൂടാതെ കിഴക്കേപറമ്പൻ സലാം, സൈദ്, പുതിയവളപ്പിൽ അലി എന്നിവരുടെ വീടുകളിൽ മോഷണശ്രമവും നടന്നു. പ്രദേശത്ത് രാത്രികാലങ്ങളിൽ പുറത്തുനിന്നുള്ളവർ എത്തുന്നുണ്ടെന്നും ലഹരിസംഘങ്ങളുടെ സാന്നിധ്യം ശക്തമാണെന്നും നാട്ടുകാർ ആരോപിക്കുന്നു. ലഹരി ഉപയോഗത്തിനായി നിർമ്മിച്ച ഏറുമാടം നാട്ടുകാർ പൊളിച്ചുനീക്കുകയും അവിടെനിന്ന് സിറിഞ്ചുകൾ ഉൾപ്പെടെ കണ്ടെത്തുകയും ചെയ്തിരുന്നു.മോഷണം തുടർക്കഥയായതോടെ പ്രദേശം മുഴുവൻ ഭീതിയിലാണ്.

നിരന്തരം പരാതികൾ ലഭിക്കുന്നുണ്ടെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. പ്രദേശത്ത് അപരിചിതരായ ആളുകളുടെ സാന്നിധ്യം പോലീസ് നിരീക്ഷിച്ചു വരികയാണ്.മോഷ്ടാക്കളെ വലയിലാക്കാൻ കൊണ്ടോട്ടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിക്കാൻ പോലീസ് ആലോചിക്കുന്നുണ്ട്. ഇതിനിടെ, നാടിന്റെ ഉറക്കം കെടുത്തുന്ന കള്ളന്മാരെ പിടികൂടാൻ പ്രദേശവാസികളും രാത്രികാലങ്ങളിൽ ജാഗ്രതാ സമിതികൾ രൂപീകരിച്ച് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles