spot_img
Tuesday, July 7, 2026

മഴക്കാലത്തെ പിങ്ക് വിസ്മയം! 380 ഏക്കർ നിറയെ ആമ്പൽപ്പൂക്കൾ; സഞ്ചാരികളുടെ പ്രിയകേന്ദ്രമായി പറാൽ പാടശേഖരം



മഴക്കാലം തുടങ്ങിയതോടെ കോട്ടയം–ആലപ്പുഴ അതിർത്തിയിലെ ചങ്ങനാശ്ശേരി പറാൽ പാടശേഖരം പ്രകൃതിയുടെ മനോഹര വിസ്മയമായി മാറിയിരിക്കുകയാണ്. കണ്ണെത്താദൂരത്തോളം വിരിഞ്ഞുനിൽക്കുന്ന മെറൂൺ നിറത്തിലുള്ള ആമ്പൽപ്പൂക്കളാണ് ഇപ്പോൾ ഈ പ്രദേശത്തെ സഞ്ചാരികളുടെ പ്രിയകേന്ദ്രമാക്കുന്നത്.സമൂഹമാധ്യമങ്ങളിൽ ആമ്പൽപ്പൂക്കളുടെ ദൃശ്യങ്ങൾ വൈറലായതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുപോലും നിരവധി പേരാണ് ഈ അപൂർവ കാഴ്ച നേരിൽ കാണാനെത്തുന്നത്. മഴവെള്ളം നിറഞ്ഞ പാടത്തിന് മുകളിൽ വിരിഞ്ഞുനിൽക്കുന്ന ആയിരക്കണക്കിന് ആമ്പൽപ്പൂക്കൾ സന്ദർശകർക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്

ഏകദേശം 400 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ 380 ഏക്കറോളം പ്രദേശം ഇപ്പോൾ ആമ്പൽപ്പൂക്കൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പ്രകൃതിഭംഗി ആസ്വദിക്കാൻ എത്തുന്നവർക്കായി പാടശേഖരത്തിലൂടെ വള്ളസവാരിയും ഒരുക്കിയിട്ടുണ്ട്.പറാൽ വടക്കുംഭാഗം മേഖലയിലാണ് സന്ദർശകർക്കായി ഈ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. വാഴപ്പള്ളി ഗ്രാമപഞ്ചായത്ത്, കടമ്പാടം ചേരിക്കളം പാടശേഖര സമിതി, പറാൽ വടക്കുംഭാഗം യുവജന കൂട്ടായ്മ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വിനോദസഞ്ചാര സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്.മൂന്ന് മുതൽ പത്ത് പേർ വരെ യാത്ര ചെയ്യാൻ കഴിയുന്ന എട്ട് വള്ളങ്ങളാണ് നിലവിലുള്ളത്. പ്രത്യേകമായി നിശ്ചയിച്ച ജലപാതയിലൂടെയാണ് വള്ളങ്ങൾ സഞ്ചരിക്കുന്നത്. ഒരാൾക്ക് 100 രൂപയാണ് നിരക്ക്. രാവിലെ 6 മുതൽ 10 മണിവരെയാണ് സന്ദർശകർക്കും വള്ളസവാരിക്കും അനുമതിയുള്ളത്.മഴക്കാലം കഴിയുന്നതിന് മുമ്പ് ഈ അപൂർവ ആമ്പൽക്കാഴ്ച ആസ്വദിക്കാൻ നിരവധി പേരാണ് പറാൽ പാടശേഖരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പ്രകൃതിയെ സ്നേഹിക്കുന്നവർക്കും ഫോട്ടോഗ്രാഫി പ്രേമികൾക്കും ഇത് നഷ്ടപ്പെടുത്താൻ പാടില്ലാത്ത ഒരു മഴക്കാല അനുഭവമായി മാറിക്കഴിഞ്ഞു



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles