spot_img
Tuesday, July 7, 2026

മുഖ്യമന്ത്രി വയനാട്ടിലേക്ക്, നാളെ മണ്ണിടിച്ചിൽ ദുരന്ത മേഖല സന്ദർശിക്കും




മുഖ്യമന്ത്രി വയനാട്ടിലേക്ക്. മണ്ണിടിച്ചിൽ ദുരന്ത മേഖല മുഖ്യമന്ത്രി വി ഡി സതീശൻ സന്ദർശിക്കും.നാളെ രാവിലെ 11.30 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഹെലികോപ്ടറിൽ യാത്ര തിരിക്കുന്ന മുഖ്യമന്ത്രി ഉച്ചയ്ക്ക് ഒരു മണിയോടെ ദുരന്തമേഖലയിലെത്തും. ഉച്ചയ്ക്ക് ഒരുമണിക്ക് മീനാക്ഷി പാലത്തിന് സമീപമെത്തും.

ചൂരൽമല ദുരന്തം കഴിഞ്ഞ്, രണ്ടു വർഷം പൂർത്തിയാകുമ്പോഴാണ് വയനാട്ടില്‍ മറ്റൊരു ദുരന്തം കൂടി ഉണ്ടായിരുന്നത്. അപകടം നടന്നയുടന്‍ ജില്ലാ കലക്ടര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ഏകോപിപ്പിച്ചു. മഴക്കാല മുന്നൊരുക്കങ്ങള്‍ എല്ലാം നടത്തിയിരുന്നു. ഉണ്ടായത് വലിയ മണ്ണിടിച്ചിലാണ്. റെസ്ക്യൂ ഓപ്പറേഷൻ കൃത്യമായി നടക്കുന്നുണ്ടെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍ വ്യക്തമാക്കി.

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങൾ വിവിധ സേനകളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്നും നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മീനങ്ങാടിയിൽ നിന്നുള്ള എൻഡിആർഎഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കോഴിക്കോട് നിന്നുള്ള അംഗങ്ങളും ഉടൻ എത്തും. സംസ്ഥാന പോലീസും ഫയർഫോഴ്സും നിലവിൽ സ്ഥലത്തുണ്ട്. തൃശ്ശൂരിൽ നിന്നുള്ള ഡിഫൻസ് സെക്യൂരിറ്റി ഫോഴ്സിനെയും സജ്ജമാക്കിയിട്ടുണ്ട്. മണ്ണ് നീക്കം ചെയ്യുന്നതിനായി എട്ട് എസ്‌കവേറ്ററുകൾ സ്ഥലത്ത് വിന്യസിച്ചിട്ടുള്ളതിനാൽ ഉപകരണങ്ങളുടെയോ സേനയുടെയോ അഭാവം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അപകടസ്ഥലത്തെ മണ്ണ് നീക്കം ചെയ്യാൻ ജില്ലാ കളക്ടറും ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും നേരത്തേ ഉത്തരവിറക്കിയിരുന്നു. തുടർന്ന് പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കരാറുകാർക്ക് അടിയന്തരമായി മണ്ണ് നീക്കം ചെയ്യാൻ നിർദേശം നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല. ഹൈവേ നിർമാണത്തിൽ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പരാതിയും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles