കോഴിക്കോട്: കഴിഞ്ഞ ചൊവ്വാഴ്ച വയനാട്ടിലെ കള്ളാടിയിലുണ്ടായ ദാരുണമായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഞെട്ടൽ മാറും മുൻപ്, മലപ്പുറം-കോഴിക്കോട് അതിർത്തിയിലെ ജനങ്ങളിൽ സമാനമായ ദുരന്തഭീതി വീണ്ടുമുണർത്തുന്നു. കക്കടാംപൊയിൽ ചാലിയാർ പഞ്ചായത്തിലെ വെണ്ടേക്കുംപൊയിൽ മേലെ മാങ്ങാട് മലമുകളിൽ സ്വകാര്യ ഗ്രാനൈറ്റ് ക്വാറി അധികൃതർ വൻതോതിൽ മണ്ണ് കുന്നുകൂട്ടിയിട്ടിരിക്കുന്നതാണ് താഴെയുള്ള ജനവാസ മേഖലകൾക്ക് കടുത്ത ഭീഷണിയാകുന്നത്.കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് പെയ്യുന്ന കനത്ത മഴ ആശങ്ക ഇരട്ടിയാക്കിയിരിക്കുകയാണ്. മലമുകളിലെ മണ്ണ് ഇതിനകം തന്നെ താഴേക്ക് ഒലിച്ചിറങ്ങാൻ തുടങ്ങിയതായി നാട്ടുകാർ ആരോപിക്കുന്നു. മലയ്ക്ക് താഴെയുള്ള മൂന്ന് ജനവാസ മേഖലകളിലെ കുടുംബങ്ങളാണ് ഇപ്പോൾ ഭീതിയുടെ നിഴലിൽ കഴിയുന്നത്.
ഉറക്കമില്ലാത്ത രാത്രികൾ; കുട്ടികളും വയോധികരും അപകടാവസ്ഥയിൽചെറിയ കുട്ടികളും, 60 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകളും, വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരും അടങ്ങുന്ന മൂന്ന് കുടുംബങ്ങളാണ് തങ്ങളുടെ വീടുകൾക്ക് തൊട്ടുമുകളിൽ വലിയൊരു ദുരന്തം പ്രതീക്ഷിച്ചുകൊണ്ട് അപകടകരമായ സാഹചര്യത്തിൽ കഴിയുന്നത്.മഴ ശക്തിപ്പെടുമ്പോഴെല്ലാം ഇവരുടെ നെഞ്ചിടിപ്പേറുകയാണ്. മലമുകളിലെ അയഞ്ഞ മണ്ണും പാറക്കല്ലുകളും എപ്പോൾ വേണമെങ്കിലും തങ്ങളുടെ വീടുകൾക്ക് മുകളിലേക്ക് പതിച്ചേക്കാമെന്ന ഭയത്താൽ രാത്രികാലങ്ങളിൽ ഈ കുടുംബങ്ങൾക്ക് ഉറങ്ങാൻ പോലും സാധിക്കുന്നില്ല.മലമുകളിൽ കുന്നുകൂട്ടിയിട്ടിരിക്കുന്ന ഈ ഭീമൻ മൺകൂനയുടെ ഏതെങ്കിലും ഒരു വശം ഇടിഞ്ഞുപോയാൽ, അത് വലിയൊരു ഉരുൾപൊട്ടലിന് കാരണമാകുമെന്നും സമീപപ്രദേശങ്ങളിലെ നിരവധി വീടുകളെ അത് പൂർണ്ണമായി ബാധിക്കുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.






