കോഴിക്കോട് : വ്യാഴാഴ്ച കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നതിനെ തുടർന്ന് നാലാം ട്രാക്കിലൂടെ മാത്രം നടത്തി വന്ന ട്രെയിൻ ഗതാഗതത്തിനു പിന്നാലെ ഒന്നാം ട്രാക്കും രാവിലെ ഗതാഗതത്തിനായി തുറന്നു. ക്ലോക്ക് ടവർ തകർന്നതിനെ തുടർന്ന് ഗതാഗതം നിർത്തിവച്ച ഒന്നാം പ്ലാറ്റ്ഫോമിലെ സുരക്ഷാ പരിശോധന പൂർത്തിയാക്കിയ ശേഷം യശ്വന്ത്പുർ എക്സ്പ്രസ് ആണ് ഈ ട്രാക്കിലൂടെ ആദ്യം കടത്തിവിട്ടത്.ഷൊർണൂർ ഭാഗത്തേക്കുളള ട്രെയിനുകൾ ഒന്നാം പ്ലാറ്റ്ഫോമിനു സമീപത്തെ ട്രാക്കിലൂടെയും കണ്ണൂർ ഭാഗത്തേക്കുള്ളവ നാലാം പ്ലാറ്റ്ഫോമിനു സമീപത്തെ ട്രാക്കിലൂടെയുമാണ് കടത്തിവിടുന്നത്. ഗതാഗത നിയന്ത്രണങ്ങൾ ഉള്ളതിനാൽ പല ട്രെയിനുകളും വെള്ളിയാഴ്ചയും വൈകാൻ ഇടയുണ്ട്.
കോഴിക്കോട് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതും യാത്ര അവസാനിപ്പിക്കുന്നതുമായ ട്രെയിനുകൾ സംബന്ധിച്ചും പാസഞ്ചർ ട്രെയിനുകൾ സംബന്ധിച്ചും യാത്രക്കാർ റെയിൽവേ അധികൃതരുടെ അറിയിപ്പുകൾ കൂടി പരിഗണിച്ച് യാത്ര ക്രമീകരിക്കണം എന്നാണ് നിർദേശം.ഉച്ചയ്ക്ക് 1.45 ന് തിരുവനന്തപുരത്തേക്ക് പോകുന്ന ജനശതാബ്ദി എക്സ്പ്രസ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിൽ നിന്ന് തന്നെയാകും പതിവുപോലെ പുറപ്പെടുക. ഉച്ചയ്ക്ക് 2.05 ന് പുറപ്പെടേണ്ട കണ്ണൂർ പാസഞ്ചർ വെളളിയാഴ്ച വെസ്റ്റ്ഹിൽ സ്റ്റേഷനിൽ നിന്നാകും പുറപ്പെടുകയെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ടവറിന്റെ ശേഷിക്കുന്ന ഭാഗം പൊളിക്കുന്ന പ്രവൃത്തി തുടരുന്നതിനാൽ രണ്ട്, മൂന്ന് ട്രാക്കുകളിൽ ഗതാഗതം അനുവദിച്ചിട്ടില്ല. രാത്രിയോടെ ടവറിന്റെ ശേഷിക്കുന്ന ഭാഗം പൊളിച്ചുനീക്കി ഗതാഗതം പൂർണ തോതിൽ ആക്കാനുളള ശ്രമത്തിലാണ് റെയിൽവേ അധികൃതർ. ടവറിന്റെ ശേഷിക്കുന്ന ഭാഗം വടം കെട്ടിയും യന്ത്രസഹായത്തോടെയും മറ്റും വലിച്ചിടാൻ ഫയർ ആൻഡ് റെസ്ക്യു, പൊലീസ്, ആർപിഎഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ജീവനക്കാൻ വ്യാഴാഴ്ച വൈകിട്ടും രാത്രിയുമായി മൂന്നു തവണ ശ്രമിച്ചെങ്കിലും പ്രകമ്പനങ്ങൾ നേരിടാനാകുന്ന വിധത്തിൽ പഴയകാലത്ത് ബലവത്തായി കെട്ടിയുയർത്തിയ നിർമിതി പൊളിച്ചിടാൻ ആയില്ല.
തുടർന്ന് ഒരു ഭാഗം തകർന്ന ടവറിന്റെ സമീപത്ത് പൈപ്പുകളും മറ്റും ഉപയോഗിച്ച് ഉയരത്തിൽ കോണി കെട്ടി ഉയർത്തിയ ശേഷം തൊഴിലാളികൾക്ക് ഡ്രില്ലറും പാരയും ഉൾപ്പെടെയുള്ളവ നൽകി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഭാഗങ്ങളായി പൊളിക്കാനാണ് തീരുമാനമായത്. ഇതിനു മണിക്കൂറുകൾ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.വ്യാഴാഴ്ച രാവിലെ 11.10 ന് ആണ് കനത്ത മഴയ്ക്കിടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ 2,3 പ്ലാറ്റ്ഫോമുകൾക്ക് ഇടയിലുള്ള ക്ലോക്ക് ടവർ തകർന്നുവീണത്. സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി പൈലിങ് മൂലം വിളളൽ വീണ കെട്ടിടം പൊളിച്ചു നീക്കാൻ നടപടി സ്വീകരിക്കുന്നതിന് ഇടയിലാണ് ടവറിന്റെ ഒരു ഭാഗം പൂർണമായും പൊളിഞ്ഞുവീണത്. ബ്രിട്ടിഷ് ഭരണകാലത്ത് 1888 ൽ നിർമിച്ച ഇരട്ട ക്ലോക്ക് ടവറിന്റെ ഭാഗമായ ഈ കെട്ടിടം കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ ഇപ്പോഴുള്ളതിൽ ഏറ്റവും പഴക്കമേറിയ കെട്ടിടം കൂടിയാണ്.
കോഴിക്കോട് – കണ്ണൂർ പാസഞ്ചർ ട്രെയിനിനു മുകളിലേക്കാണ് ടവറിലെ മേൽക്കൂര പതിച്ചത്. ഇത് വൈദ്യുതി ലൈനിൽ തങ്ങിനിന്നതിനാലാണ് ട്രെയിനിന് നാശനഷ്ടമുണ്ടാകാതിരുന്നത്. ഭിത്തിയുടെ ഭാഗങ്ങൾ പ്ലാറ്റ്ഫോമിലേക്കും പതിച്ചു. ബുധനാഴ്ച കെട്ടിടത്തിൽ വിള്ളൽ കണ്ടതിനെ തുടർന്ന് യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനാലാണ് ആളപായം ഉണ്ടാകാതിരുന്നത്.കെട്ടിടം പൊളിച്ചുനീക്കാതെ അപകടാവസ്ഥ സൃഷ്ടിച്ചതിനെതിരെ എംപിയും എംഎൽഎമാരും മറ്റു രാഷ്ട്രീയകക്ഷികളും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൈലിങ് പ്രവൃത്തികൾ നടന്നു വരുന്നതിനാൽ പ്ലാറ്റ്ഫോമിൽ ശേഷിക്കുന്ന രണ്ടാമത്തെ ടവറും യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി പൊളിച്ചുനീക്കണമെന്ന ആവശ്യവും ഇതിനിടെ ഉയരുന്നുണ്ട്.
ക്ലോക്ക് ടവറിനു താഴെ പ്രവർത്തിക്കുന്ന ഓഫിസുകൾ മാറ്റണമെന്നും കെട്ടിടം പൊളിച്ചുനീക്കണമെന്നും നവീകരണ പ്രവർത്തികൾ ഏറ്റെടുത്ത കരാർ കമ്പനിയായ റാങ്ക് കൺസ്ട്രക്‌ഷനെ റെയിൽവേ അറിയിച്ചിരുന്നെങ്കിലും നടപടി വൈകിയന്നും ആക്ഷേപമുണ്ട്.അപകടാവസ്ഥ വർധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് നാലു ദിവസം മുൻപ് കെട്ടിടം പൊളിക്കാൻ നിർമാണ കമ്പനിക്ക് വീണ്ടും കത്തു നൽകിയിരുന്നു.
ബുധനാഴ്ച ഉച്ചയോടെ ഡിവിഷനൽ റെയിൽവേ മാനേജർ (ഡിആർഎം) മധുകർ റാവുത്തിന്റെ നേതൃത്വത്തിൽ ഇവിടെ പരിശോധന നടത്തി വ്യാഴാഴ്ച കെട്ടിടം പൊളിച്ചു നീക്കാനുളള നടപടി സ്വീകരിക്കണം എന്ന് നിർദേശം നൽകിയതിനു പിന്നാലെയാണ് കെട്ടിടത്തിന്റെ സമീപത്ത് മുന്നറിയിപ്പ് റിബണുകൾ കെട്ടിയത്. മുന്നറിയിപ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തി ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ടവറിന്റെ നേർപകുതി പ്ലാറ്റ്ഫോമിലേക്ക് തകർന്നു വീണത്. തുടർന്ന് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കുകളിലെ വൈദ്യുതി ബന്ധം നിർത്തിവച്ചതോടെ വ്യാഴാഴ്ച കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വഴിയുള്ള ഗതാഗതം മണിക്കൂറുകളോളം താറുമാറാകുകയായിരുന്നു.






