2027 ലെ ഹജ്ജ് തീർഥാടനത്തിന് കേരളത്തിൽനിന്ന് 11,139 പേർക്ക് അവസരം. 8,175 പേർക്ക് നേരിട്ടും 2,964 പേർക്കും നറുക്കെടുപ്പിലൂടെയുമാണ് അവസരം ലഭിച്ചത്. ശേഷിക്കുന്ന 13,091 പേരെ ഉൾപ്പെടുത്തി കേന്ദ്ര ഹജ്ജ് കമ്മിറ്റി വെയ്റ്റിങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.അവസരം ലഭിച്ചവരുടെയും വെയ്റ്റിങ് ലിസ്റ്റിലുള്ളവരുടേയും കവർ നമ്പർ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിൽ ഈ വർഷം 24,230 പേരാണ് ഹജ്ജിന് അപേക്ഷിച്ചിരുന്നത്. 65 വയസിനു മുകളിൽ പ്രായമുള്ള പുരുഷ വിഭാഗത്തിൽ അപേക്ഷിച്ച 3,234 പേർക്കും 65 വയസിനു മുകളിൽ പ്രായമുള്ള പുരുഷ മെഹ്‌റമില്ലാത്ത സ്ത്രീകളുടെ കാറ്റഗറിയിൽ 838 പേർക്കും നേരിട്ട് അവസരം നൽകി.
45 വയസിനു മുകളിൽ പ്രായമുള്ള ‘ലേഡീസ് വിത്തൗട്ട് മെഹ്‌റം’ വിഭാഗത്തിൽ 2,932 പേർക്കും കഴിഞ്ഞ വർഷത്തെ കാത്തിരിപ്പുപട്ടികയിൽ ഉൾപ്പെട്ട, ഈ വർഷം അപേക്ഷിച്ച 1,171 പേർക്കും നേരിട്ട് അവസരം നൽകി. ശേഷിച്ച ജനറൽ കാറ്റഗറിയിലെ 16,055 പേരിൽനിന്ന് 2,973 പേർക്ക് നറുക്കെടുപ്പിലൂടെ അവസരം നൽകി. 13,091 പേരെ വെയ്റ്റിങ് ലിസ്റ്റിൽ ഉൾപ്പെടുത്തി.ഹജ്ജ് ക്വാട്ട കൂടുതൽ ലഭിക്കുന്നതോടെ വെയ്റ്റിങ് ലിസ്റ്റിലെ മുൻഗണനാ ക്രമത്തിൽ പരിഗണിക്കും. മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫിസിൽ ഇന്നലെ രാവിലെ 11 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. 6,493 പേർ കൊച്ചി വഴിയും 3,021 പേർ കണ്ണൂർ വഴിയും 1,625 പേർ കരിപ്പൂർ വഴിയുമാണ് യാത്രതിരിക്കുന്നത്.






