കോഴിക്കോട്: സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് അവധി. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ കഴിഞ്ഞ രാത്രിയിൽ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. പല സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഈങ്ങാപ്പുഴ ടൗണിൽ വെള്ളം കയറിയതിനാൽ ദേശീയപാത വഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. ജലാശയങ്ങളുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കുക. മലയോര മേഖലയിലെ പുഴകളിലും തോടുകളും കര കവിഞ്ഞ് ഒഴുകുന്നു.






