കൊച്ചി: മെസ്സിയെ കേരളത്തിലെത്തിക്കുന്നതിന്റെ പേരിൽ നടന്ന തട്ടിപ്പിൽ സംസ്ഥാനത്ത് വ്യാപക പരിശോധന. അഞ്ചിടങ്ങളിൽ പുലർച്ചെ എസ്ഐടി പരിശോധന നടത്തുകയാണ്. അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ കളമശ്ശേരിയിലെ ഓഫിസിലും ഇവരുടെ വയനാട്ടിലെ വീടുകളിലുമാണ് രാവിലെ പരിശോധന നടക്കുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുലർച്ചെ നാലു മണി മുതലാണ് പരിശോധന ആരംഭിച്ചതെന്നാണ് വിവരം.
എഡിജിപി പി.വിജയന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടുള്ള ഫയലുകൾ പരിശോധിക്കുന്നതിനും പിടിച്ചെടുക്കുന്നതിനുമാണ് മിന്നൽ പരിശോധന. രേഖകൾ പരിശോധിച്ച് സാമ്പത്തിക ഇടപാടുകളും മറ്റ് കത്തിടപാടുകളും കണ്ടെത്തുകയാണ് ലക്ഷ്യം. തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് എസ്ഐടി ആദ്യ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ഇതിനു പിന്നാലെ കോടതിയിൽനിന്ന് അനുമതി സമ്പാദിച്ച ശേഷം പരിശോധനയിലേക്ക് കടക്കുകയായിരുന്നു.






