spot_img
Wednesday, August 5, 2026

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്



ദിവസങ്ങളായി ആശങ്ക സൃഷ്ടിച്ച കനത്ത മഴയ്ക്ക് നേരിയ ശമനമായതോടെ പത്തനംതിട്ട ജില്ലയിൽ പ്രളയഭീതി ഒഴിയുന്നു. റാന്നി, കോന്നി, ആറന്മുള, കോഴഞ്ചേരി മേഖലകളിൽ വെള്ളക്കെട്ട് കുറഞ്ഞുതുടങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്ന നിരവധി പേർ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി.ജില്ലയിലെ പ്രധാന നദികളായ പമ്പയിലും കക്കട്ടയാറ്റിലും ജലനിരപ്പ് ഗണ്യമായി താഴ്ന്നതായാണ് അധികൃതർ അറിയിക്കുന്നത്. ഇതോടെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടും ക്രമേണ കുറയുകയാണ്. സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ റവന്യൂ, ഫയർഫോഴ്സ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും തുടരുകയാണ്.

ഇതിനിടെ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശേഷം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ ഷട്ടർമുക്ക് ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ എംഎൽഎ ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്നവർക്ക് ഗുരുതര പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.__അതേസമയം, പത്തനംതിട്ടയിൽ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും സംസ്ഥാനത്ത് മഴയുടെ ആശങ്ക പൂർണമായും ഒഴിഞ്ഞിട്ടില്ല. ഇന്നും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.

ശക്തമായ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.നാളെയും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, തൃശ്ശൂർ, എറണാകുളം, കണ്ണൂർ, കോഴിക്കോട്, കാസർഗോഡ്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.മഴയുടെ ശക്തി കുറഞ്ഞെങ്കിലും നദീതീരങ്ങളിലും മലയോര മേഖലയിലും ജാഗ്രത തുടരണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പുകൾ കണക്കിലെടുത്ത് അനാവശ്യ യാത്രകൾ ഒഴിവാക്കാനും, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles