spot_img
Tuesday, November 3, 2026

പ്രശസ്ത മേക്കപ്മാൻ പാണ്ഡ്യൻ അന്തരിച്ചു.



ചെന്നൈ : മലയാള സിനിമയിലെ പ്രശസ്ത മേക്കപ്മാൻ പാണ്ഡ്യൻ (74) അന്തരിച്ചു. ചെന്നൈ വിരുഗമ്പാക്കത്തെ വസതിയിലായിരുന്നു അന്ത്യം. അരനൂറ്റാണ്ടിലേറെ നീണ്ട കരിയറിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സത്യൻ അന്തിക്കാട്, കമൽ, ജോഷി തുടങ്ങിയ സംവിധായകരുടെ പ്രിയപ്പെട്ട മേക്കപ്മാനായിരുന്ന പാണ്ഡ്യൻ അവരുടെ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. പതിനാറാം വയസിൽ, നടൻ സത്യന്റെ മേക്കപ്മാൻ കൃഷ്ണരാജന്റെ സഹായിയായാണ് പാണ്ഡ്യൻ സിനിമയിലെത്തിയത്. പ്രശസ്ത ഛായാഗ്രാഹകൻ ജെ വില്യംസിന്റെ സഹായിയായി ചില ചിത്രങ്ങളിലും പ്രവര്‍ത്തിച്ച അദ്ദേഹം ചില തമിഴ് ചിത്രങ്ങളിൽ അസിസ്റ്റന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചിരുന്നു. 1972 ല്‍ പുറത്തിറങ്ങിയ പുള്ളിമാന്‍ എന്ന ചിത്രത്തില്‍ പ്രമുഖ മേക്കപ്മാൻ എം.ഒ.ദേവസ്യയുടെ മേക്കപ്പ് അസിസ്റ്റന്റ്‌ ആയി. മലയാളം, തമിഴ് തെലുങ്ക്, കന്നഡ ഭാഷകളിൽ മേക്കപ് അസിസ്റ്റന്റായ ശേഷം 1978 ൽ ജെ. വില്യംസ് സംവിധാനം ചെയ്ത മദാലസ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര മേക്കപ്പ് മാനായി. പിന്നീ‌ട് മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾ അടക്കമുള്ള പ്രമുഖ താരങ്ങൾക്കൊപ്പവും മറ്റു ഭാഷകളിൽ രജനികാന്ത്, കമൽഹാസൻ, എന്‍ടിആര്‍, എസ്‌വിആര്‍ തു‌ടങ്ങിയവർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. 2001 ല്‍ കമല്‍ സംവിധാനം ചെയ്ത ‘മധുരനൊമ്പരക്കാറ്റ’ലെ ചമയത്തിന് അദ്ദേഹത്തിന് സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. സത്യൻ അന്തിക്കാടിന്റെ മോഹൻലാൽ ചിത്രം ഹൃദയപൂർവത്തിലാണ് അവസാനം പ്രവർത്തിച്ചത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles