തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിതീവ്രമാകുന്നുവെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളാണ് റെഡ് അലേർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മഴ മുന്നറിയിപ്പിനെ തുടർന്ന് എട്ട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട്, കണ്ണൂർ, കാസർകോട്, എറണാകുളം, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അതത് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.മഴ മാറിയെങ്കിലും കുട്ടനാട്ടില്‍ വെള്ളക്കെട്ട് ദുരിതമൊഴിയുന്നില്ല. കുട്ടനാട് താലൂക്കിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഗ്രാമീണ റോഡുകളും വെള്ളത്തിലായതോടെ ട്രാക്ടറുകളിലും ചെറുതോണികളിലും ആണ് ആളുകളുടെ യാത്ര. വെള്ളക്കെട്ടിനെ തുടർന്ന് എസി റോഡിലെ ഗതാഗതം ഭാഗികമായി നിലച്ചിരുന്നു.






