spot_img
Wednesday, August 12, 2026

യഥാർത്ഥ വ്യാപാരികളുടെ റീൽസ് ഉപയോഗിച്ച് ഫേസ്ബുക്ക്, ഇൻസ്റ്റാ പേജുകൾ വഴി ഓൺലൈൻ തട്ടിപ്പ്



കൊല്ലം: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകൾ വഴി സംസ്ഥാനത്ത് വസ്ത്രവ്യാപാര തട്ടിപ്പ്. യഥാർത്ഥ വസ്ത്രവ്യാപാരികളുടെ റീൽസ് ഉപയോഗിച്ചാണ് പണം തട്ടുന്നത്. വ്യാജ പേജുകൾ നിർമിച്ച് റീലുകൾ പ്രമോട്ട് ചെയ്ത് വാട്സ് ആപ്പ് ഓർഡർ വഴിയാണ് തട്ടിപ്പ് അരങ്ങേറുന്നത്.

ഓൺലൈൻ വസ്ത്രവ്യാപാര വിപണിക്ക് ഭീഷണി ഉയർത്തിയാണ് ഉത്തരേന്ത്യൻ ലോബികളുടെ പുതിയ തട്ടിപ്പ്. ഇൻസ്റ്റ ഗ്രാം, ഫേസ് ബുക്ക് പേജുകളിൽ കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളിൽ സാരികളും, ചുരിദാറുകളും, ഒറ്റ ക്ലിക്കിൽ ഓർഡർ ചെയ്യുന്നു. പക്ഷേ സാധനങ്ങൾ ലഭിക്കുന്നില്ല. ഓർഡർ ചെയ്ത നമ്പറിൽ വിളിച്ചാൽ മറുപടിയുമില്ല.

യഥാർത്ഥ ഓൺലൈൻ സംരഭകരുടെ റീലുകൾ ഡൗൺലോഡ് ചെയ്ത് വ്യാജ പേജുകൾ തുടങ്ങുന്നു. ഫോളോവേഴ്സ് കുറവാണെങ്കിൽ വ്യാജ റീലുകൾ പണം നൽകി പ്രമോഷൻ നൽകും. ഇത് വഴി ലക്ഷക്കണക്കിന് ആളുകളിലേക്ക് റീലുകൾ എത്തുന്നു. ആകർഷകമായ ഓഫറുകൾ കണ്ടാണ് പലരും വാട്സ് ആപ്പ് ഓർഡർ നൽകും.

കൂടുതലും ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാണ് തട്ടിപ്പിന് ഇരയാകുന്നത്. പണം നഷ്ടമാകുമ്പോൾ പരാതിയുമായി എത്തുന്നത് യഥാർത്ഥ സംരഭകരുടെ അടുത്താണ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സബീനയുടെ ഉടമസ്ഥതയിലുള്ള സുറുമ വെഡ്ഡിങ്ങ്സിൻ്റെ ചിത്രങ്ങളും, വീഡിയോയും ഉപയോഗിച്ച് നിരവധി പേജുകൾ നിർമിച്ച തട്ടിപ്പ് സംഘം പലരിൽ നിന്നും പണം തട്ടി.

യഥാർത്ഥ പേജാണെന്ന് കരുതി പണം നൽകിയ നിരവധി പേരാണ് ചതി മനസിലാക്കിയ ഉടൻ തന്നെ ഉടമയെ വിവരം അറിയിച്ചത്. ഇനി ഓൺലൈൻ വഴി വസ്ത്രങ്ങൾ ഓർഡർ ചെയ്യുകയാണെങ്കിൽ വാട്സ് ആപ്പ് ഓർഡർ ,ക്യൂആർ കോഡ് എന്നിവ ശ്രദ്ധിക്കണമെന്ന് സംരംഭകർ പറയുന്നു. സംശയാസ്പദമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ സൈബർ പൊലീസിനെ അറിയിക്കണമെന്നും സംരംഭക പറഞ്ഞു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles