spot_img
Thursday, August 20, 2026

വർഷങ്ങൾക്കുശേഷം കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ; 33.92 കോടി രൂപ അനുവദിച്ചു.



തിരുവനന്തപുരം : ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും വിതരണം ചെയ്യാൻ തീരുമാനിച്ചതായും ഇതിനായി 33.92 കോടി രൂപ അനുവദിച്ചതായും ഗതാഗത മന്ത്രി സി.പി ജോൺ അറിയിച്ചു. പെൻഷൻകാർക്ക് ഓണം അലവൻസും സ്ഥിരം ജീവനക്കാർക്ക് സാലറി അഡ്വാൻസും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് ഇത്തവണ അനുവദിച്ചിരിക്കുന്നത്.സ്ഥിരം ജീവനക്കാർക്ക് 10,000 രൂപ സാലറി അഡ്വാൻസും 3,000 രൂപ ഉത്സവബത്തയും ലഭിക്കും.

കൂടാതെ അർഹതയുള്ള ജീവനക്കാർക്ക് ബോണസും ലഭിക്കുന്നതാണ്. താൽക്കാലിക ജീവനക്കാർക്ക് 1,000 രൂപ ഉത്സവബത്തയായി ലഭിക്കും. വർഷങ്ങൾക്ക് ശേഷം ആദ്യമായി പെൻഷൻകാർക്ക് 1,250 രൂപ ഓണം ഉത്സവബത്തയായി അനുവദിച്ചിട്ടുണ്ട്.സ്ഥിരം ജീവനക്കാർക്ക് 10,000 രൂപ ഓണം അഡ്വാൻസ് നൽകാൻ 21.5 കോടി രൂപ കെ.എസ്.ആർ.ടി.സി.ക്ക് മന്ത്രിസഭാ തീരുമാനപ്രകാരമാണ് അനുവദിക്കുന്നത്. പെൻഷൻകാർക്ക് 1250 രൂപ ഉത്സവബത്ത നൽകുന്നതിന് 5.32 കോടി രൂപയും പ്രത്യേക ധനസഹായമായി മന്ത്രിസഭ കെ.എസ്.ആർ.ടി.സി.ക്ക് അനുവദിച്ചു.

കെ.എസ്.ആർ.ടി.സി.യിൽ പെൻഷൻകാർക്കുള്ള ഓണം അലവൻസ് 2019-ന് ശേഷം ആദ്യമായാണ് നൽകുന്നത്. ഓണം സാലറി അഡ്വാൻസ് 2023-ന് ശേഷം നൽകിയിരുന്നില്ല. പെൻഷൻകാരുടെ ദീർഘനാളത്തെ ആവശ്യമായ പെൻഷൻ പരിഷ്‌കരണത്തിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും, ഓണക്കാലത്ത് അനുവദിച്ച ഈ തുക അവർക്ക് വലിയൊരു ആശ്വാസമാകും.കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജീവനക്കാരുടെ ആത്മാർഥതയും അർപ്പണബോധവും പരിഗണിച്ചാണ് ഓണം ഫെസ്റ്റിവൽ ആനുകൂല്യങ്ങൾ നൽകാൻ മന്ത്രിസഭ തീരുമാനിച്ചതെന്ന് മന്ത്രി സി.പി. ജോൺ അറിയിച്ചു.

കഴിഞ്ഞ ചില മാസങ്ങളിൽ നേരിട്ട ചെറിയ പ്രതിസന്ധികൾ പരിഹരിച്ചുകൊണ്ട് കോർപ്പറേഷൻ കൂടുതൽ ജനകീയമായി മുന്നോട്ടു പോകുന്നതിനിടയിലാണ് ജീവനക്കാരുടെ ഓണം ഉഷാറാക്കാനുള്ള പുതിയ തീരുമാനം വന്നിരിക്കുന്നത്.മുൻ വർഷങ്ങളിൽ ഓണക്കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടുംബങ്ങൾക്ക് വലിയ സന്തോഷം നൽകുന്നതാണ് സർക്കാരിന്റെ ഈ തീരുമാനം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles