spot_img
Friday, August 21, 2026

ഓണം 2026: ജില്ലയില്‍ വിപുലമായ ആഘോഷ പരിപാടികള്‍24ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും



സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ഡി.ടി.പി.സി കോഴിക്കോട്, കോഴിക്കോട് ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 22 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഓഗസ്റ്റ് 24ന് വൈകീട്ട് ആറിന് കോഴിക്കോട് ബീച്ചിലെ പ്രധാന വേദിയില്‍ വ്യവസായം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് മുഖ്യാതിഥിയാകും. കോഴിക്കോട് നഗരത്തില്‍ കോഴിക്കോട് ബീച്ച് (ഓഗസ്റ്റ് 24-30), ടൗണ്‍ ഹാള്‍ (ഓഗസ്റ്റ് 25-29), ബട്ട് റോഡ് (ഓഗസ്റ്റ് 25-29), മാനാഞ്ചിറ (ഓഗസ്റ്റ് 25-27) കുറ്റിച്ചിറ (ഓഗസ്റ്റ് 25-27), തളി (ഓഗസ്റ്റ് 25-27) എന്നീ കേന്ദ്രങ്ങളാണ് വേദിയാവുക. നഗരത്തിന് പുറത്ത് 25ന് കോരപ്പുഴയില്‍ ജലോത്സവം, 26ന് അകലാപ്പുഴ, 27ന് കാപ്പാട്, 29ന് ഉള്ളൂര്‍ കടവ് എന്നിവിടങ്ങളില്‍ കയാക്കിങ് ഫെസ്റ്റ് ഉള്‍പ്പെടെയുള്ള പരിപാടികളും നടക്കും. ഓണാഘോഷ വിളംബര ഘോഷയാത്ര ഓഗസ്റ്റ് 23ന് വൈകീട്ട് മൂന്നിന് കോഴിക്കോട് സൗത്ത് ബീച്ച് മുതല്‍ ഫ്രീഡം സ്‌ക്വയര്‍ വരെ നടക്കും.ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ‘തദ്ദേശ പൂക്കള മത്സരം 2026’ ആണ് ഓണാഘോഷത്തിന്റെ പ്രധാന ആകര്‍ഷണം. ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ എന്നിവയുടെ 11 ക്ലസ്റ്ററുകളിലായി 91 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. ഓരോ തദ്ദേശ സ്ഥാപനങ്ങളും അവരുടെ ആസ്ഥാനത്താണ് പൂക്കളങ്ങള്‍ ഒരുക്കുക. മത്സര വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് നല്‍കുന്നത്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം ഒരു ലക്ഷം രൂപ, 50000 രൂപ, 25000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. വിവിധ കാറ്റഗറികളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന ടീമുകള്‍ക്ക് പ്രത്യേക ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും. പ്ലാസ്റ്റിക്, കൃത്രിമ നിറങ്ങള്‍, സിന്തറ്റിക് വസ്തുക്കള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കി 100 ശതമാനം പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിച്ചാണ് പൂക്കളം ഒരുക്കുക. ഓഗസ്റ്റ് 22ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12 വരെയാണ് മത്സരങ്ങള്‍. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍നിന്ന് മൂന്ന് മുതല്‍ അഞ്ച് വരെ അംഗങ്ങള്‍ അടങ്ങുന്ന ടീമിനാണ് മത്സരത്തില്‍ പങ്കെടുക്കാനാകുക.ജില്ലയുടെ സാംസ്‌കാരിക തനിമയും കലാപെരുമയുമെല്ലാം കോര്‍ത്തിണക്കിയാണ് ഇത്തവണത്തെ ഓണാഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. പ്രധാന വേദിയായ കോഴിക്കോട് ബീച്ചില്‍ ഓഗസ്റ്റ് 24ന് തൈക്കൂടം ബാന്‍ഡിന്റെ സംഗീത പരിപാടി അരങ്ങേറും. 25ന് നര്‍ത്തകിയും നടിയുമായ ലക്ഷ്മി ഗോപാലസ്വാമിയും സംഘവും ഒരുക്കുന്ന നൃത്തപരിപാടി, ഹരീഷ് കണാരനും നിര്‍മല്‍ പാലാഴിയും അവതരിപ്പിക്കുന്ന കോമഡി ഷോ, 26ന് നരേഷ് അയ്യരുടെയും സംഘത്തിന്റെയും സംഗീത പരിപാടി, ധ്വനിതരംഗ് കൊച്ചിയുടെ ഡാന്‍സ് പ്രോഗ്രാം, 27ന് ഹരിശങ്കര്‍ ആന്‍ഡ് പാര്‍ട്ടിയുടെ ഗാനമേള, ബിജുല ബാലകൃഷ്ണന്റെ കുച്ചിപ്പുടി എന്നിവ അരങ്ങുണര്‍ത്തും. 28ന് കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്നൊരുക്കുന്ന പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയുള്ള ‘ഇന്ത്യന്‍ വസന്തോത്സവം 2026’ പരിപാടി അരങ്ങേറും. തുടര്‍ന്ന് ഷഹബാസ് അമന്റെ ഗസല്‍ നൈറ്റും ഉണ്ടാകും. 29ന് മധു ബാലകൃഷ്ണന്‍ അവതരിപ്പിക്കുന്ന ഗാനമേളയും സൗഷ്ഠവ അവതരിപ്പിക്കുന്ന നൃത്തപരിപാടിയും അരങ്ങേറും.ഓഗസ്റ്റ് 30ന് സമാപന സമ്മേളനം റവന്യു വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സ്റ്റീഫന്‍ ദേവസ്സിയുടെ സംഗീതപരിപാടിയുണ്ടാകും.ഓഗസ്റ്റ് 25 മുതല്‍ 29 വരെ ഭട്ട് റോഡ് ബീച്ചില്‍ സൂഫി ഡാന്‍സ്, ഗാനമേള, നൃത്തപരിപാടികള്‍ എന്നിവയും ടൗണ്‍ ഹാളില്‍ നാടകവും അരങ്ങേറും. 25 മുതല്‍ 27 വരെ മാനാഞ്ചിറയില്‍ നാടന്‍ കലകള്‍, കുറ്റിച്ചിറയില്‍ ഗസല്‍, കോല്‍ക്കളി, വനിതാ ഗാനമേള, തളിയില്‍ ക്ലാസിക്കല്‍ ഡാന്‍സ്, മ്യൂസിക് എന്നിവയും വേദിയുണര്‍ത്തും. വിനോദസഞ്ചാരവകുപ്പ് അനുവദിച്ച 40 ലക്ഷം രൂപക്ക് പുറമെ വിവിധ വ്യാപാര സ്ഥാപങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.വാര്‍ത്താ സമ്മേളനത്തില്‍ എം.എല്‍.എമാരായ അഡ്വ. കെ ജയന്ത്, അഡ്വ. ഫൈസല്‍ ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ചന്ദ്രന്‍, പ്രോഗ്രാം കോഓഡിനേറ്റര്‍ അഡ്വ. നിയാസ്, ഫൈനാന്‍സ് കണ്‍വീനര്‍ സുബ്രഹ്‌മണ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles