വയനാട്: വരുന്ന അവധി ദിനങ്ങളിൽ താമരശ്ശേരി ചുരത്തിലും മുത്തങ്ങയിലും രൂക്ഷമായ ഗതാഗതക്കുരുക്കിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഗുണ്ടൽപേട്ട്, മുത്തങ്ങ മേഖലകളിലെ പൂകൃഷിയും മുന്തിരിത്തോട്ടങ്ങളും സന്ദർശിക്കാൻ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് നിലവിലുള്ളത്.ഈ സാഹചര്യത്തിൽ വരുംദിവസങ്ങളിൽ കോഴിക്കോട് – കൊല്ലഗൽ ദേശീയപാത 766-ൽ കിലോമീറ്ററുകളോളം നീളുന്ന വലിയ വാഹനനിര രൂപപ്പെടാൻ ഇടയുണ്ട്.കഴിഞ്ഞ രണ്ടാഴ്ചകളിലും അർദ്ധരാത്രി വരെ നീളുന്ന അതിരൂക്ഷമായ ബ്ലോക്കാണ് താമരശ്ശേരി ചുരത്തിലും മുത്തങ്ങ വനമേഖലയിലും അനുഭവപ്പെട്ടത്.വനമേഖലയിലൂടെയുള്ള രാത്രികാല യാത്രാ നിരോധനത്തിന്റെ ഭാഗമായി രാത്രി 9:00 മണിക്ക് മുത്തങ്ങ ചെക്ക്പോസ്റ്റ്അടയ്ക്കുമെന്നതും രാവിലെ 6:00മണിക്ക് മാത്രമാണ് വീണ്ടും തുറക്കുക എന്നതുംയാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണം.കർണാടക ഭാഗത്തേക്ക് പോകുന്നവരും തിരിച്ചുവരുന്നവരും ഈ സമയക്രമം കൃത്യമായി കണക്കുകൂട്ടി വേണം യാത്ര പ്ലാൻ ചെയ്യാൻ. ഗതാഗതക്കുരുക്കിൽപ്പെട്ട് രാത്രി കാട്ടിനുള്ളിൽ മണിക്കൂറുകളോളം കിടക്കേണ്ടി വരുന്നത് സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കും.അതുകൊണ്ട് തന്നെ ഇതുവഴി യാത്ര പ്ലാൻ ചെയ്യുന്നവർ സമയം മുൻകൂട്ടി ക്രമീകരിച്ച് നേരത്തെ യാത്ര തിരിക്കാൻ ശ്രദ്ധിക്കണം. വാഹനങ്ങളിൽ ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും കുടിവെള്ളവും കരുതണം. വനമേഖലയിലും ചുരത്തിലും അനാവശ്യമായ ഓവർടേക്കിങ് ഒഴിവാക്കി ലെയിൻ ട്രാഫിക് കർശനമായി പാലിച്ച് സഹകരിക്കാൻ ബന്ധപ്പെട്ട അധികൃതർ അഭ്യർത്ഥിച്ചു.






