മലപ്പുറം: സംസ്ഥാന പോലീസ് ചരിത്രത്തിലെ ഏറ്റവും വലിയ എംഡിഎംഎ (MDMA) വേട്ടയിലൂടെ അന്തർസംസ്ഥാന ലഹരിമരുന്ന് കടത്ത് ശൃംഖലയ്ക്ക് കനത്ത തിരിച്ചടി നൽകി മലപ്പുറം ജില്ലാ പോലീസ്. 10 കോടിയിലധികം രൂപ വിപണിവില വരുന്ന 12.794 കിലോഗ്രാം എംഡിഎംഎയാണ് പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കോയമ്പത്തൂരിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം പന്തല്ലൂർ സ്വദേശി ജാബിർ അലി (32), വയനാട് മേപ്പാടി സ്വദേശി സാലിഹ് (34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബർ (21) എന്നിവരാണ് പിടിയിലായത്.മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ IPS-ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഈ വൻ ലഹരിവേട്ടയ്ക്ക് പിന്നിൽ. ആഴ്ചകൾക്ക് മുൻപ് മഞ്ചേരി ടൗണിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ നിന്ന് 97.71 ഗ്രാം എംഡിഎംഎയുമായി ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിനെക്കുറിച്ച് നടത്തിയ വിശദമായ അന്വേഷണമാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് വരെ വ്യാപിച്ചുകിടക്കുന്ന വലിയ ലഹരിക്കടത്ത് ശൃംഖലയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്.ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ ലഹരിവസ്തുക്കൾ ശേഖരിച്ച് കോയമ്പത്തൂർ, പഴനി, കൊടൈക്കനാൽ കേന്ദ്രങ്ങളാക്കി കേരളത്തിലേക്ക് കടത്തുകയായിരുന്നു ഇവരുടെ രീതി. അന്വേഷണം ശക്തമാക്കിയതോടെ കോയമ്പത്തൂരിന് സമീപം വച്ച് ഇന്നോവ വാഹനത്തിന്റെ ഡോർ പാനലുകൾക്കുള്ളിൽ പ്രത്യേകമായി ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. 100 മുതൽ 500 ഗ്രാം വരെ തൂക്കമുള്ള വിവിധ പാക്കറ്റുകളിലാക്കിയാണ് ലഹരി സൂക്ഷിച്ചിരുന്നത്.ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായാണ് ഈ ചരിത്രപരമായ നേട്ടം പോലീസ് കൈവരിച്ചത്.






