spot_img
Monday, August 31, 2026

കൊല്ലത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 34 പേർക്ക് പരിക്ക്.



കൊട്ടാരക്കര: ശാസ്താംകോട്ട റോഡിൽ പുത്തൂർ ചുങ്കത്തറയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഡ്രൈവർ ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് പരിക്ക്. പരിക്കേറ്റവരെ പുത്തൂർ സ്വകാര്യ ആശുപത്രി, കൊട്ടാരക്കര താലൂക്ക് ആശുപത്രി, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ഞായറാഴ്ച രാവിലെ 11.20നായിരുന്നു അപകടം.കൊട്ടാരക്കരയിൽനിന്ന് കായംകുളത്തേക്ക് പോയ നിർമ്മാല്യം ബസും ഭരണിക്കാവിൽ നിന്ന് കൊട്ടാരക്കരയ്ക്ക് വന്ന സൊസൈറ്റി ബസും കൂട്ടിയിടിച്ചാണ് അപകടം. നിയന്ത്രണം വിട്ട സൊസൈറ്റി ബസ് സമീപത്തെ കടയുടെ മതിൽ ഇടിച്ചു തകർത്തു. ബസിൽ കുരുങ്ങിയ സൊസൈറ്റി ബസ് ഡ്രൈവർ പെരുംകുളം കൊച്ചുവിള കിഴക്കതിൽ അജയകുമാറിനെ (49) ഡ്രൈവർ വാതിൽ നാട്ടുകാർ വെട്ടിപ്പൊളിച്ചാണ് രക്ഷപ്പെടുത്തിയത്.

പരിക്കേറ്റ തേവലപ്പറമ്പ് ഷീജാഭവനിൽ ഓമന (64), പാങ്ങോട് വലിയവിള തെക്കേപുറത്ത് വീട്ടിൽ സുരേഷ് (54), തേവലപ്പുറം സുധീഷ് ഭവനത്തിൽ ശ്രീദേവി (54), കുന്നത്തൂർ ആതിര നിവാസിൽ ശങ്കരൻ കുട്ടി എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ബസ് ഡ്രൈവർ അജയകുമാർ (49), മൈനാഗപള്ളി മഹീൻ ഭവനിൽ മധുസുദനൻപിള്ള (59), ഉഷാകുമാരി (49), മിഥുൻ (24), മഹീൻ (26), മാവടി അരുൺനിവാസിൽ അനീഷ് കുമാർ (36), പുലമൺ രതീഷ് ഭവനത്തിൽ രതീഷ് കുമാർ (48), കരിമ്പിൻ പുഴ ലീല വിലാസത്തിൽ ഷീല (57), ആനകോട്ടൂർ അന്തനാട് വീട്ടിൽ ദേവരാജൻ (62), പെരുംകുളം കരോട്ടു വീട്ടിൽ രാജശേഖരൻ പിള്ള (60), ഭരണിക്കാവ് പനങ്കാട് കിഴക്കതിൽ പങ്കജ് (12), പവൻ (14), ആയൂർ ഗീതാലയത്തിൽ ലതിക (62), ആയൂർ തെക്കേവിള വീട്ടിൽ ഉഷാകുമാരി, പുത്തനമ്പലം കുഴിയംതാനത്ത് പുത്തൻ വീട്ടിൽ ബാലകൃഷ്ണപിള്ള (70), അഞ്ചൽ ചന്തമുക്ക് സ്വദേശി ജുനൈദ് (51), ശൂരനാട് സജിത്ത് ഭവനത്തിൽ സരിത, ശ്യാമള, ഓടനാവട്ടം പാലാ കരിക്കത്ത് വീട്ടിൽ മോഹനൻ (63), പുത്തൂർ അരുമകോണം അലിൻ (21), അനീഹ (15), പാങ്ങോട് പത്മവിലാസം കൃഷ്ണ കുമാർ (58), പത്തടി നൂറുൽ ഹുസൈൻ (20), റബിയുൽ റഹ്മാൻ (24), കുടവട്ടൂർ പ്രസൂഹത്തിൽ വസന്തകുമാരി, തൃക്കണ്ണാപുരം ലക്ഷ്മി ഭവനത്തിൽ ശ്യാമള (38), ശ്രാവൺ (13), സൗമ്യ (12), ശബരി (8), വിലങ്ങറ കലായ്കോട്ട് മേലതിൽ വത്സമ്മ (43) എന്നിവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

നിസ്സാര പരിക്കേറ്റവരെ പുത്തൂർ ബഥനി, എം.ജി.എം ആശുപത്രികളിൽ ചികിത്സ നൽകി. അപകടത്തിൽ കുടുംബമായി സഞ്ചരിച്ചിരുന്ന മധുസൂധനൻ പിള്ള, ഉഷാകുമാരി എന്നിവർക്ക് മുഖത്ത് സാരമായി പരിക്കേൽക്കുകയും മകൻ മിഥുന്റെ ഇടതു കൈക്ക് ഒടിവും സംഭവിച്ചു.നിർമ്മാല്യം ബസ് സമയംവൈകിയും അമിതവേഗതയിലായതുമാണ് അപകടകാരണമെന്ന് പരിക്കേറ്റ അതേ ബസിലെ യാത്രക്കാർ പറഞ്ഞു. ചുങ്കത്തറയ്ക്ക് സമീപം വളവിൽ അമിത വേഗതയിൽ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന സൊസൈറ്റി ബസിലിടിക്കുകയായിരുന്നു. അപകടത്തിൽപെടാതിരിക്കാൻ സൊസൈറ്റി ബസ് അരികിലേക്ക് മാറ്റിയെങ്കിലും ഡ്രൈവർ ഇരിക്കുന്ന ഭാഗത്തേക്ക് നിർമ്മാല്യം ബസ് ഇടിച്ചു കയറുകയും സൊസൈറ്റി ബസ് റോഡരികിലെ ഭിത്തിയിലേക്ക് ഇടിക്കുകയുമായിരുന്നു.

അപകടസമയം അത് വഴി വന്ന കാറുകാരനാണ് നിരവധി തവണ ആൾക്കാരെ ആശുപത്രിയിൽ എത്തിച്ചതെന്ന് യാത്രക്കാർ പറഞ്ഞു. അപകടസ്ഥലത്തേക്ക് ആംബുലൻസ് എത്താൻ വൈകിയെന്നും ആരോപണമുണ്ട്. പുത്തൂർ പൊലീസ് കേസെടുത്തു. പരിക്കേറ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ കെ.എൻ. ബാലഗോപാൽ എം.എൽ.എ, മുനിസിപ്പൽ ചെയർപേഴ്സൺ അനിത ഗോപകുമാർ, സ്ഥിരംസമിതി അധ്യക്ഷൻ എസ്.ആർ. രമേശ് തുടങ്ങിയവർ സന്ദർശിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles