നാദാപുരം: കൃഷിയിടത്തിൽവെച്ച് യുവാവിനെ കാട്ടുപോത്ത് കുത്തിക്കൊന്ന സംഭവത്തിൽ വിലങ്ങാട് മലയോര മേഖലയിൽ ഭീതിയും പ്രതിഷേധവും പുകയുന്നു. വായാട് മലയിൽ മാസങ്ങളായി തമ്പടിച്ച കാട്ടുപോത്തുകളിലൊന്നിന്റെ ആക്രമണത്തിലാണ് വായാട് കോളനിയിലെ സുനിൽ കൊല്ലപ്പെട്ടത്. വനനിയമങ്ങളിലെ അശാസ്ത്രീയതയാണ് വന്യമൃഗശല്യം രൂക്ഷമാക്കുന്നതെന്നും നിയമത്തിൽ കാലോചിതമായ പരിഷ്കാരം വരുത്തി മനുഷ്യജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കൃഷിയിടങ്ങളിലേക്ക് കടക്കാൻ പോലുമാകാത്ത സാഹചര്യമായതിനാൽ കൃഷി തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ. അപകടകാരികളായ വന്യമൃഗങ്ങളെ നേരിടാനുള്ള അധികാരം ജനങ്ങൾക്ക് നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സുനിലിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം തറവാട് വീട്ടുവളപ്പിൽ സംസ്കരിച്ചു. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള വൻ ജനാവലിയാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. എം.എൽ.എ കെ.എം. അഭിജിത്, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡൻറ് സുബിത, വാണിമേൽ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. പ്രദീഷ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. നവാസ്, വാർഡ് മെംബർമാരായ ലൗലി, സെബി സെബാസ്റ്റ്യൻ, ബി.ജെ.പി ജില്ല പ്രസിഡന്റ് പ്രഫുൽ കൃഷ്ണ, കെ.പി. രാജീവൻ, രാജു അലക്സ്, വടകര തഹസിൽദാർ പ്രജീഷ് കുമാർ, ആർ.ഡി.ഒ പ്രസിൽ, നാദാപുരം ഡിവൈ.എസ്.പി തുടങ്ങിയവർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.






