spot_img
Monday, August 31, 2026

ഡ്രാഗൺ ഹൗസ്! 10 തൈകളിൽ തുടങ്ങി, ഇപ്പോൾ 140 ചെടികളിലെത്തി; കൃഷി ടെറസിൽ 20 ലീറ്റർ പെയിന്റ് ബക്കറ്റുകളിൽ.



കോഴിക്കോട് : കൃഷി നിങ്ങളുടെ അഭിരുചിയാണെങ്കിൽ, അതു നിങ്ങളുടെ ഹൃദയത്തിലുണ്ടെങ്കിൽ ഏക്കറുകണക്കിനു സ്ഥലമൊന്നും വേണ്ട അതു വിജയിപ്പിക്കാനെന്നു തെളിയിച്ചതാണ് പി.വിശ്വന്റെ കഥ. ഫറോക്ക് നഗരസഭയിലെ ഇരുപത്തഞ്ചാം വാർഡിൽ ഉൾപ്പെട്ട പനോളിപറമ്പിലെ ഇരുനില ടെറസ് വീടിനു മുകളിലെ ഡ്രാഗൺ ഫ്രൂട്ട് കൃഷിയാണ് ഈ അഭിരുചിയുടെ കഥ പറയുന്നത്. കൃഷിയോട് പണ്ടു മുതലേയുള്ള വിശ്വന്റെ താൽപര്യത്തിന് ഡ്രാഗൺ ഫ്രൂട്ടിലൊരു സാധ്യതയുണ്ടെന്ന സൂചന നൽകിയതു സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ച വിവരങ്ങളാണ്.ജില്ലയിൽ ഈ രീതിയിൽ കൃഷി വിജയിപ്പിച്ച ചിലരുടെ അനുഭവസാക്ഷ്യങ്ങൾ വിശ്വനു പ്രോത്സാഹനവുമായി. 10 തൈകളിൽ തുടങ്ങിയ ഡ്രാഗൺ ഫ്രൂട്ട് കൃഷി ഇപ്പോൾ 140 ചെടികളിലെത്തി. 5 വർഷമായി വിശ്വൻ ഈ രംഗത്തുണ്ട്. പൂർണമായും ജൈവ കൃഷിയാണ്. അതുകൊണ്ടുതന്നെ ആവശ്യക്കാർ വിശ്വനെ തേടിയെത്തുകയാണ് പതിവ്. വിപണിയിൽ നിന്നു ലഭിക്കുന്ന പഴത്തേക്കാൾ രുചിയും ഗുണവും ഉയർന്ന നിലവാരത്തിൽ നമ്മുടെ സ്വന്തം തോട്ടത്തിലെ ഉൽപന്നങ്ങൾക്കു ലഭിക്കുമെന്നു സ്വന്തം അനുഭവത്തിലൂടെ ഇദ്ദേഹം ഉറപ്പു നൽകുന്നു.20 ലീറ്റർ പെയിന്റ് ബക്കറ്റുകളിലാണ് ഇദ്ദേഹം തന്റെ ടെറസിനു മുകളിൽ ഈ കൃഷി ചെയ്യുന്നത്. ചെടിയിൽനിന്ന് മൂത്ത കമ്പ് 10 ഇഞ്ച് വലുപ്പത്തിൽ മുറിച്ചെടുത്താണ് തൈകളാക്കാൻ വേരു പിടിപ്പിക്കുന്നത്. 3 മാസം വളർച്ചയായാൽ ബക്കറ്റിലേക്ക് മാറ്റിനടും. മുക്കാൽ ഇഞ്ച് വലുപ്പത്തിൽ 3 ദ്വാരങ്ങൾ ഇട്ട ബക്കറ്റിൽ കരിയില, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, ചാണകപ്പൊടി, ചകിരിച്ചോർ, മണ്ണ് എന്നിവ ചേർത്ത മിശ്രിതം ബക്കറ്റിന്റെ പാതി ഭാഗത്ത് നിറച്ച ശേഷം അതിലേക്കാണ് തൈകൾ മാറ്റി നടുന്നത്. പിന്നീട് പച്ചച്ചാണകം, കടലപ്പിണ്ണാക്ക്, ശർക്കര എന്നിവ ചേർത്ത ലായനി 5 ദിവസംകൊണ്ടു പുളിപ്പിച്ചെടുത്തശേഷം നേർപ്പിച്ചു വളമായി നൽകും. ഒരു കപ്പ് ലായനിയിൽ 9 കപ്പ് വെള്ളം ചേർത്താണ് നേർപ്പിക്കുക. 8 മാസത്തിനകം പൂവിടും. 30 ദിവസംകൊണ്ട് കായ്‌ഫലം ലഭിച്ചുതുടങ്ങും. 15 പഴങ്ങൾ വരെ ഒരു ചെടിയിൽനിന്നു ലഭിക്കുന്നുണ്ട്.വളത്തിനൊപ്പം നല്ല വെയിലാണു ഡ്രാഗൺ ഫ്രൂട്ടിന് ആവശ്യം. വെള്ളം കെട്ടിനിൽക്കാതെ ചെടികൾ സംരക്ഷിക്കുകയാണ് പരിചരണത്തിൽ പ്രധാനവും. താൽപര്യമുള്ള ആർക്കും ഈ കൃഷി ചെയ്യാവുന്നതാണെന്ന് സ്വന്തം അനുഭവം വ്യക്തമാക്കി അദ്ദേഹം ഉറപ്പു നൽകുന്നു. ആവശ്യക്കാർക്ക് തൈകളും കൃഷിരീതിയും വിശ്വനിൽ നിന്നു ലഭിക്കും. വിളിക്കാം: 98472 48569.ടെറസിനു പുറത്തും ഇദ്ദേഹത്തിന് അത്യാവശ്യം മറ്റു കൃഷികളുമുണ്ട്. വീടിന് ചുറ്റും മഞ്ഞൾ, കപ്പ, ചേന എന്നിവയാണു കൃഷി ചെയ്യുന്നത്. 8 വലിയ ചട്ടികളിലായി വളർത്തുന്ന കുറ്റിക്കുരുമുളകു ചെടികളിൽ നിന്ന് വീട്ടാവശ്യത്തിനുള്ള കുരുമുളകും ലഭിക്കുന്നുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles