കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ സസ്‌പെന്‍ഷന്‍ നടപടി നേരിട്ട വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് വൈസ് ചാന്‍സലര്‍ സിസ തോമസ്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ ഹാജരില്ലെന്നും അതുകൊണ്ടുതന്നെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്നുമാണ് സിസ തോമസിന്റെ വാദം. വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാതിരിക്കാന്‍ ചരിത്രത്തിലാദ്യമായാണ് സര്‍വകലാശാല കോടതി കയറുന്നത്. കോടതി ഉത്തരവുണ്ടായിട്ടും പരീക്ഷ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാത്ത സര്‍വകലാശാല നടപടിക്കെതിരെ വിദ്യാര്‍ത്ഥി പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.വിസിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിട്ട് 62 ദിവസം പിന്നിടുകയാണ്. കോടതി വിധിയെ മുഖവിലയ്ക്കെടുക്കാതെയാണ് സര്‍വകലാശാലയുടെ നടപടി. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാനായി വെബ്സൈറ്റ് ഇന്നലെ തുറന്ന് കൊടുക്കണമെന്നായിരുന്നു കോടതി പറഞ്ഞിരുന്നത്. എന്നാല്‍ സര്‍വകലാശാല അതിന് തയ്യാറായിരുന്നില്ല. രവിലെ 11:30 ന് വെബ്സൈറ്റ് തുറന്ന് നല്‍കാമെന്ന് സര്‍വകലാശാല വിദ്യാര്‍ത്ഥികളെ അറിയിച്ചിരുന്നു. എന്നാല്‍ വൈകുന്നേരം ആയിട്ടും അതിന് തയ്യാറായിരുന്നില്ല. കോടതി ഉത്തരവിനെ മുഖവിലയ്ക്കെടുക്കാതെയുള്ള സര്‍വകലാശാല നടപടി വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിസി പ്രതികാരം തീര്‍ക്കാനാണ് ശമിക്കുന്നതെന്നാണ് എസ്എഫ്ഐ ആടക്കം ഉയര്‍ത്തുന്ന വിമര്‍ശനം.ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റ് യോഗത്തിനിടെ വിസി സിസ തോമസിനെ തടഞ്ഞതുമായി ബന്ധപ്പെട്ട് പതിനാറ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ സസ്പെന്‍ഡ് ചെയ്യാനായിരുന്നു സിന്‍ഡിക്കേറ്റ് യോഗത്തിന്റെ തീരുമാനം. യൂണിയന്‍ ചെയര്‍മാന്‍, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയായിരുന്നു നടപടി. വിസിയുടെ നടപടി വിദ്യാര്‍ത്ഥി വിരുദ്ധമാണെന്നും എത്ര ദിവസമാണ് സസ്പെന്‍ഷന്‍ എന്നത് പോലും മെന്‍ഷന്‍ ചെയ്യാതെയാണ് സിന്‍ഡിക്കേറ്റ്, സമരം ചെയ്ത വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നതെന്നും എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അര്‍ച്ചന ആരോപിച്ചിരുന്നു.ആഗസ്റ്റ് 13നായിരുന്നു സിന്‍ഡിക്കേറ്റ് യോഗത്തിനിടെ വിസി സിസ തോമസിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. സര്‍വകലാശാലയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് പ്രവര്‍ത്തനരഹിതമായ ലൈറ്റുകളുടെ ശവമഞ്ചം അടക്കം കൊണ്ടുവന്നായിരുന്നു എസ്എഫ്‌ഐയുടെ പ്രതിഷേധം. വി സി സിസ തോമസിനേയും സിന്‍ഡിക്കേറ്റ് അംഗങ്ങളെയും പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചിരുന്നു. ഇതിന് പിന്നാലെ തനിക്കെതിരെ കയ്യേറ്റം നടന്നുവെന്ന് ആരോപിച്ച് സിസ തോമസ് രംഗത്തെത്തുകയായിരുന്നു. സിന്‍ഡിക്കേറ്റ് അംഗങ്ങളെ മുറിയില്‍ പൂട്ടിയിട്ടെന്നും സിസ തോമസ് പറഞ്ഞിരുന്നു. ഔദ്യോഗിക വാഹനം നശിപ്പിച്ചെന്ന ആരോപണവും അവര്‍ ഉന്നയിച്ചിരുന്നു. സംഭവത്തില്‍ പരാതി നല്‍കില്ലെന്നായിരുന്നു സിസ തോമസ് ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് പരാതി നല്‍കുകയായിരുന്നു.






