തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലുണ്ടായ മഴവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും പെട്ട് 9 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കാണാതായ ഒരാൾക്കായുള്ള തെരച്ചില്‍ തുടരുകയാണ്. മലപ്പുറം പൂക്കോട്ടുംപാടം കോട്ടപ്പുഴയിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് മലവെള്ളം അപ്രതീക്ഷിതമായി ഇരച്ചെത്തി അഞ്ച് പേരാണ് മരിച്ചത്. ഇന്ന് രാവിലെ നടത്തിയ തെരച്ചിലില്‍ മൂന്ന് പേരുടെ മൃതദേഹം ലഭിച്ചത്. ഒരാളെ കൂടി കണ്ടെത്താനുണ്ട്. നിരവധി സന്ദര്‍ശകര്‍ ഉണ്ടായിരുന്ന സമയത്ത് മലവെള്ളം ഇരച്ചെത്തുകയായിരുന്നു. പുഴയില്‍ ക്രമാതീതമായി വെള്ളം ഉയരുന്നത് ശ്രദ്ധയില്‍പെട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും മുന്നറിയിപ്പ് നല്‍കിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്. മരിച്ചവരില്‍ തിരൂര്‍ സ്വദേശികളായ മുഹമ്മദ്കുട്ടി, മാങ്ങാടന്‍ അനസ് എന്നിവരെ തിരിച്ചറിഞ്ഞു.ഇടുക്കി മൂന്നാര്‍ വട്ടവടയില്‍ മണ്ണിടിച്ചിലില്‍, കൃഷിയിടത്തിലെ ഷെഡില്‍ ഇരുന്ന 2 പേരാണ് മരിച്ചത്. ഒരാള്‍ക്കു ഗുരുതര പരുക്കേറ്റു. കൊട്ടാക്കമ്പൂര്‍ വില്ലേജില്‍ അമ്മന്‍കോവിലിനു സമീപം താമസിച്ചിരുന്ന ബാലകൃഷ്ണന്‍ പെരുമാള്‍, അയല്‍വാസി സി ചിന്നമ്മാള്‍ എന്നിവരാണ് മരിച്ചത്. ഇടുക്കിയില്‍ ഇടവിട്ട് മഴ ശക്തമാണ്. അടിമാലി പഴംമ്പള്ളിച്ചാലില്‍ ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ പലയിടത്തും മരം വീണു. നേര്യമംഗലം വാളറ റോഡില്‍ സഞ്ചരിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മണ്ണിടിച്ചില്‍ ഭീഷണി ഉള്ളതിനാല്‍ പഴയ മൂന്നാറില്‍ നിന്നും വാഹനങ്ങള്‍ വഴിതിരിച്ചു വിടുകയാണ്. വാഹനങ്ങള്‍ ഇടക പള്ളിക്ക് സമീപത്തുനിന്നും ഗ്യാപ്പ് റോഡില്‍ പ്രവേശിച്ച ശേഷം പൊലീസ് സ്റ്റേഷന് സമീപമുള്ള പാലം കടന്ന് ടൗണില്‍ എത്തണമെന്നാണ് അറിയിപ്പ്.കോട്ടയം ജില്ലയുടെ മലയോര മേഖലയില്‍ അപ്രതീക്ഷിതമായി പെയ്ത മഴയിലും മണ്ണിടിച്ചിലിലും രണ്ടു മരണമാണ് സ്ഥിരീകരിച്ചത്. വാഗമണ്‍ ഈരാറ്റുപേട്ട റോഡില്‍ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് തമിഴ്‌നാട് സ്വദേശിയായ വിനോദസഞ്ചാരി സംഗീത മരിച്ചു. സംഗീതയുടെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. പെരിങ്ങളത്ത് ഉറവപ്ലാവ് സ്വദേശി ജോസഫിന്റെ വീടിന് മുകളിലേക്കും മണ്ണിടിഞ്ഞുവീണു. മണ്ണിടിഞ്ഞുവീഴുന്ന സമയത്ത് ജോസഫിനെ കൂടാതെ വീട്ടില്‍ രണ്ടു മക്കള്‍ കൂടിയുണ്ടായിരുന്നു. മക്കളെ രക്ഷിച്ചെങ്കിലും ജോസഫിന്റെ ജീവന്‍ രക്ഷിക്കാനായില്ല. രണ്ടുമാസം മുന്‍പ് ഉണ്ടായ പ്രളയത്തില്‍ ഉരുള്‍പൊട്ടല്‍ സംഭവിച്ച മംഗളഗിരിഭാഗത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായി. ഒരു വീട് പൂര്‍ണമായും ഒലിച്ചുപോയി. മീനച്ചിലാര്‍ പല ഭാഗത്തും കരകയറി.തുടര്‍ച്ചയായ മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ജലാശയങ്ങളിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളിലും പ്രത്യേക ജാഗ്രത വേണമെന്ന് നിര്‍ദ്ദേശമുണ്ട്. മരങ്ങള്‍ക്കും വൈദ്യുതി ലൈനുകള്‍ക്കും സമീപം ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു. അതിനിടെ, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ രാത്രി 8.30 വരെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരദേശ മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.






