spot_img
Friday, November 6, 2026

അഴിമതി തടയാൻ ജില്ലാ വിജിലൻസ് കമ്മിറ്റി: പരാതികൾ പൊതുജനങ്ങൾക്ക് നേരിട്ട് നൽകാം​.



കോഴിക്കോട് : സർക്കാർ, പൊതുമേഖലാ ഓഫീസുകളിലെ അഴിമതി തടയുന്നതിനും പൊതുജനങ്ങളുടെ പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനുമായി ജില്ലാ വിജിലൻസ് കമ്മിറ്റി രൂപീകരിച്ച് ജില്ലാ കളക്ടർ എം. എസ്. മാധവിക്കുട്ടി ഉത്തരവിറക്കി. അഴിമതിരഹിതവും സുതാര്യവുമായ സിവിൽ സർവീസ് ഉറപ്പാക്കുകയാണ് ഈ സമിതിയുടെ പ്രധാന ലക്ഷ്യം. ​സർക്കാർ മാർഗനിർദ്ദേശങ്ങളുടെയും വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ ഡയറക്ടറുടെ നിർദ്ദേശത്തിൻ്റെയും അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്. ജില്ലാ കളക്ടർ ചെയർപേഴ്സണായും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കൺവീനറായും പ്രവർത്തിക്കും. റേഞ്ച് പോലീസ് സൂപ്രണ്ടാണ് സമിതിയിലെ പ്രത്യേക ക്ഷണിതാവ്.​റവന്യൂ, പോലീസ്, സിവിൽ സപ്ലൈസ്, തദ്ദേശസ്വയംഭരണം, കൃഷി, പൊതുമരാമത്ത്, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി, എക്സൈസ്, മോട്ടോർ വാഹനം, രജിസ്ട്രേഷൻ, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ കമ്മിറ്റിയിൽ അംഗങ്ങളാണ്. കൂടാതെ ജനപ്രതിനിധികൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, മനുഷ്യാവകാശ സംഘടനകൾ, ഉപഭോക്തൃ സംരക്ഷണ ഫോറങ്ങൾ, സന്നദ്ധ സംഘടനകൾ, പ്രമുഖ കോളേജുകൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും സമിതിയുടെ ഭാഗമാണ്.​മൂന്ന് മാസത്തിലൊരിക്കൽ യോഗം ചേർന്ന് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഇതുസംബന്ധിച്ച റിപ്പോർട്ട് ജില്ലാ കളക്ടർ മുഖേന വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കുകയും ചെയ്യും. സർക്കാർ ജീവനക്കാർക്കെതിരെ പരാതിയുള്ള പൊതുജനങ്ങൾക്ക് കമ്മിറ്റി യോഗത്തിൽ നേരിട്ട് പങ്കെടുത്ത് പരാതികൾ അവതരിപ്പിക്കാം. പരാതികളുമായി ബന്ധപ്പെട്ട് ഏത് ഉദ്യോഗസ്ഥനെയും യോഗത്തിലേക്ക് വിളിച്ചുവരുത്താനും വിശദീകരണം തേടാനുമുള്ള അധികാരം കമ്മിറ്റിക്കുണ്ടായിരിക്കും. ലഭിക്കുന്ന പരാതികളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles