spot_img
Friday, November 6, 2026

നഴ്സുമാരുടെ സ്ഥലംമാറ്റം: ഡി.എം.ഒ ഓഫിസിന് മുന്നിൽ പ്രതിഷേധം.



കോഴിക്കോട്: ജില്ലയിലെ നഴ്സുമാരുടെ അന്യായ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് കേരള ഗവ. നഴ്സസ് അസോസിയേഷൻ ജില്ല കമ്മിറ്റി ഡി.എം.ഒ ഓഫിസിനു മുന്നിൽ സൂചന പ്രതിഷേധ സമരം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ഷീന ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി. പ്രജിത്ത് സംസാരിച്ചു. യാതൊരു മാനദണ്ഡവും പാലിക്കാതെ അന്യായമായി 50 മുതൽ 70 കിലോമീറ്റർ ദൂരെയാണ് നഴ്സുമാരെ തെരഞ്ഞുപിടിച്ച് സ്ഥലം മാറ്റിയതെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി.ഇതിൽ തന്നെ അഞ്ചുവർഷം വരെ സ്വന്തം സ്ഥാപനത്തിൽ തുടരാൻ സംരക്ഷണം ഉള്ള, പെൺകുട്ടികൾ മാത്രമുള്ള രണ്ട് വനിതകൾ ഉണ്ട്. തികച്ചും മനുഷ്യത്വരഹിതമായ സമീപനമാണ് സ്ഥലം മാറ്റത്തിൽ സ്വീകരിച്ചിട്ടുള്ളത്. കോഴിക്കോട് നഗരത്തിലെ ബീച്ച് ജനറൽ ആശുപത്രി, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം ഉൾപ്പെടെ 30 ഇൽ പരം ഒഴിവുകൾ ഉണ്ടായിട്ടും രണ്ടു പുരുഷ നഴ്സുമാരെ സ്ഥലം മാറ്റി പകരം ആളുകളെ അവിടേക്ക് നിയമിക്കാതെ 70ലധികം കിലോമീറ്റർ ദൂരമുള്ള ജില്ല ആശുപത്രി വടകര, പ്രാഥമിക ആരോഗ്യ കേന്ദ്രം, നരിപ്പറ്റ എന്നിവിടങ്ങളിലേക്കാണ് സ്ഥലം മാറ്റിയത്.സമയ ക്ലിപ്തത പോലും നോക്കാതെ രോഗി പരിചരണത്തിന് മുൻഗണന നൽകി ജോലി ചെയ്യുന്ന വിഭാഗമായ നഴ്സുമാരുടെ ഇടയിൽ ഇത്തരത്തിൽ ഭരണപരമായ സ്ഥലംമാറ്റം ഇതാദ്യമാണ്. രണ്ട് മാസം മുൻപാണ് ജില്ലയിൽ നഴ്സുമാരുടെ പൊതുസ്ഥലംമാറ്റം നടന്നത്. തുടരെയുള്ള സ്ഥലം മാറ്റങ്ങൾ ആരോഗ്യ മേഖലയെ തകർക്കാനും നഴ്സുമാരുടെ മനോവീര്യം തകർക്കാനും മാത്രമേ ഉപകരിക്കൂ. ഭരണാനുകൂല സംഘടനകൾക്ക് യഥേഷ്ടം അഴിമതിക്ക് കളമൊരുക്കാനുള്ള നീക്കം കൂടിയാണ് സ്ഥലം മാറ്റം.ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സംഘടന ജില്ല മെഡിക്കൽ ഓഫിസർക്ക് നിവേദനം നൽകി. അനുകൂല നടപടി ഉടൻ ഉണ്ടായില്ലെങ്കിൽ ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം സ്തംഭിക്കുന്ന രീതിയിലുള്ള സമരവുമായി മുന്നോട്ടു പോകും. എ. ബിന്ദു, പി. റെജിന , എൻ.പി. വിനീത്, എം.ആർ. പുഷ്പലത തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles