കൊച്ചി: കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചു. തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ന്‍ മറ്റത്ത് ആന്‍ മേരി മാത്യു(40), തൃശൂര്‍ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി(35) എന്നിവരുടെ മൃതദേഹങ്ങൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ രാവിലെ പത്തുമണിയോടെയാണ് എത്തിച്ചത്. മൃതദേഹങ്ങള്‍ ബന്ധുക്കൾ ഏറ്റുവാങ്ങി.അഞ്ജനയുടെ മൃതദേഹം പീച്ചിയിലുള്ള ഭര്‍ത്താവിന്റെ വീട്ടിലാണ് ആദ്യം എത്തിക്കുക. ശേഷം തൃശൂരിലെ മുടിക്കോട്ടെക്ക് കൊണ്ട് പോകും. ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പില്‍ അഞ്ജനയുടെ സംസ്‌കാരം നടക്കും. അതേസമയം ആന്‍ മേരിയുടെ മൃതദേഹം ഇന്ന് ഭര്‍ത്താവ് പള്ളത്ര ജേക്കബ് ആന്‍ഡ്രൂസിന്റെ നാട്ടിലെത്തിക്കും. സെന്റ് ഇഗ്നേഷ്യസ് യാക്കോബായ പള്ളിയിലെ പൊതുദര്‍ശനത്തിന് ശേഷം നാളെയാകും സംസ്കാര ചടങ്ങുകൾ നടക്കുക.കഴിഞ്ഞമാസം 28നാണ് അമേരിക്കയിലെ കാലിഫോർണിയയിൽ ഇരുവരും കൊല്ലപ്പെട്ടത്. ഇവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്തും കോട്ടയം ഈരാറ്റുപേട്ട സ്വദേശിനിയുമായ അനില ബേബി നിലവില്‍ ജയിലിലാണ്. പോസ്റ്റ്‌മോര്‍ട്ടവും ഇന്‍ക്വസ്റ്റും അമേരിക്കയിലെ മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയാകാനുള്ള കാലതാമസം മൂലമാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വൈകിയതെന്നാണ് വിവരം. അതേസമയം എന്താണ് ഇരുവരുടെയും കൊലപാതകത്തിന് പിന്നിലെ കാരണമെന്നതിൽ വ്യക്തതയില്ല. അമേരിക്കന്‍ പൊലീസ് അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.






