spot_img
Monday, September 21, 2026

ചെറുവണ്ണൂർ മേൽപാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്നു; ഒരാഴ്ചത്തെ ഗതാഗത നിരോധനം തുടങ്ങി.



ഫറോക്ക് : പഴയ ദേശീയപാതയിൽ നിർമിക്കുന്ന ചെറുവണ്ണൂർ മേൽപാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള ഒരാഴ്ചത്തെ ഗതാഗത നിരോധനം തുടങ്ങി. രാത്രി 10 മുതലാണ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം പൂർണമായും തടഞ്ഞത്. ഗർഡറുകൾ തള്ളിനീക്കുന്ന ഗാൻട്രി ക്രെയിൻ കൊണ്ടുപോകുന്നതിനുള്ള റെയിൽ നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. ഇതു പൂർത്തിയാകുന്നതോടെ പാലത്തിന്റെ തൂണുകളിൽ ഗർഡറുകൾ സ്ഥാപിച്ചു തുടങ്ങും.കോഴിക്കോട്ടു നിന്നും രാമനാട്ടുകര, ഫറോക്ക് ഭാഗങ്ങളിൽ നിന്നും ചെറുവണ്ണൂരിലേക്ക് എത്തുന്ന വാഹനങ്ങൾ വിവിധ പ്രദേശങ്ങളിൽ നിന്നു വഴിതിരിച്ചു വിടുകയാണ്. ഇതിനു രാമനാട്ടുകര ബൈപാസ് ജംക്‌ഷൻ, നിസരി ജംക്‌ഷൻ, ഫറോക്ക് ചുങ്കം, മോഡേൺ ബസാർ, അരീക്കാട്, പന്തീരാങ്കാവ്, ഒളവണ്ണ, ബിസി റോഡ് ജംക്‌ഷൻ എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. 26ന് രാത്രി വരെയാണ് ചെറുവണ്ണൂർ വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചത്.മലപ്പുറം–തൃശൂർ ഭാഗങ്ങളിൽനിന്നു വരുന്ന മുഴുവൻ വാഹനങ്ങളും രാമനാട്ടുകരയിൽ നിന്നു തൊണ്ടയാട് ദേശീയപാത വഴിയും കടലുണ്ടി, ചാലിയം, ഫറോക്ക് ഭാഗങ്ങളിൽ നിന്നു സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങൾ ഫറോക്ക് ചുങ്കം–ഫാറൂഖ് കോളജ്–അഴിഞ്ഞിലം–പന്തീരാങ്കാവ് ദേശീയപാത വഴിയും കോഴിക്കോട് സിറ്റിയിൽ നിന്നു ഫറോക്ക്, രാമനാട്ടുകര ഭാഗത്തേക്കുള്ള വാഹനങ്ങൾ മാങ്കാവ്–മാത്തറ–പന്തീരാങ്കാവ് ദേശീയപാത വഴിയുമാണ് തിരിച്ചുവിടുന്നത്.ദിവസവും ആയിരക്കണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന പ്രധാന പാതയിൽ സമ്പൂർണ ഗതാഗത നിരോധനം ഏർപ്പെടുത്തിയത് മേഖലയിൽ കനത്ത ഗതാഗത പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയുണ്ട്. ഇതു മുന്നിൽ കണ്ട് ട്രാഫിക് പൊലീസ് മേഖലയിൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദീർഘദൂര വാഹനയാത്രക്കാർ പരമാവധി ദേശീയപാത 66 ഉപയോഗപ്പെടുത്തണമെന്നു പൊലീസ് അറിയിച്ചു.ബേപ്പൂർ, മീഞ്ചന്ത ഭാഗങ്ങളിൽ നിന്നു ഫറോക്ക് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അരീക്കാട്–ഒളവണ്ണ–പന്തീരാങ്കാവ് വഴിയാണ് വിടുന്നത്. പാളയം, ബീച്ച്, റെയിൽവേ ഭാഗങ്ങളിൽ നിന്നു ഫറോക്ക് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാങ്കാവ്–മാത്തറ–പന്തീരാങ്കാവ് വഴിയും തിരിച്ചുവിട്ടു.സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി 89 കോടി രൂപ ചെലവിട്ടാണ് ചെറുവണ്ണ ൂരിൽ മേൽപാലം നിർമിക്കുന്നത്. 700 മീറ്റർ നീളവും 16 മീറ്റർ വീതിയുമുള്ള നാലുവരി മേൽപാലത്തിന് 25 മീറ്റർ നീളത്തിൽ 14 സ്പാനുകളുണ്ടാകും. ഒരു സ്പാനിൽ 6 ഗർഡറുകൾ വീതം 84 എണ്ണമാണ് ആകെയുള്ളത്. ഇവയിൽ 42 ഗർഡറുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. മേൽപാലം ഉയരം കൂടിയ ഭാഗമായ ചെറുവണ്ണൂർ ജംക്‌ഷനിൽ ഉൾപ്പെടെ 4 സ്പാനുകളിലെ 24 ഗർഡറുകളാണ് ഇപ്പോൾ സ്ഥാപിക്കുന്നത്. ബാക്കിയുള്ള 18 എണ്ണം ഒരുമാസത്തിനു ശേഷമാകും സ്ഥാപ ിക്കുക.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles