അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൺ ഡോ. ജിനു സക്കറിയ ഉമ്മൻ പറഞ്ഞു. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൻ്റെ നേതൃത്വത്തിൽ മാനന്തവാടി താലൂക്കിലെ അപ്പപ്പാറ, കക്കേരി, കോളൂർ, ആനക്യാമ്പ് ഉന്നതികളിൽ സന്ദർശനം നടത്തുകയായിരുന്നു കമ്മീഷന്‍. ദേശീയ ഭക്ഷ്യ ഭദ്രത നിയമം 2013 പ്രകാരം വിവിധ വകുപ്പുകളുടെ പദ്ധതി നിർവ്വഹണം കമ്മീഷന്‍ വിലയിരുത്തി. അപ്പപ്പാറയിൽ പ്രവർത്തിക്കുന്ന 44-ാം നമ്പർ അങ്കണവാടിയും നെടുന്തനയിൽ പ്രവർത്തിക്കുന്ന 62-ാം നമ്പർ അങ്കണവാടിയും കമ്മീഷൻ സന്ദർശിച്ചു. സെപ്റ്റംബർ മാസത്തിൽ കുട്ടികൾക്ക് നൽകുന്നതിനുള്ള അമൃതം പൊടി ഇതുവരെയും നൽകിയിട്ടില്ലെന്ന് കമ്മീഷന്‍ വിലയിരുത്തി. അമൃതം പൊടി നിർമ്മാണ യൂണിറ്റുകൾ ഈ മാസം മുതൽ അമൃതം പൊടിയുടെ നിർമ്മാണവും വിതരണവും നടത്തുന്നില്ലെന്ന് വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥർ കമ്മീഷനെ അറിയിച്ചു. തിരുനെല്ലി പഞ്ചായത്തിലെ അങ്കണവാടികളിൽ ന്യൂട്രീമിക്സിന് പകരം ശർക്കരയും ചെറുപയറും മുത്താറിയും ഈ മാസം മുതൽ നൽകുവാനുള്ള തീരുമാനമായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ കമ്മീഷനെ അറിയിച്ചു. കുട്ടികൾക്ക് പോഷകാഹാരമായി അമൃതം പൊടി നൽകുന്നതാണ് ഉചിതമെന്നും അമൃതം ന്യൂട്രീമിക്സ് പദ്ധതി തടസ്സമില്ലാതെ നടക്കേണ്ടതുണ്ടെന്നും വിതരണത്തിൽ വന്ന സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് പദ്ധതി തുടരേണ്ടതാണെന്നും കമ്മീഷൻ നിർദ്ദേശിച്ചു.വിവിധ കാരണങ്ങളാല്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്ത കക്കേരി ഉന്നതിനിവാസികൾക്ക് ആവശ്യമായ ക്യാമ്പുകൾ നടത്തി ഉടന്‍ തന്നെ കാർഡുകൾ ലഭ്യമാക്കാന്‍ നടപടികൾ സ്വീകരിക്കണമെന്ന് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരോട് കമ്മീഷൻ നിർദ്ദേശിച്ചു. അങ്കണവാടികളിൽ പോകുവാൻ സാധിക്കാത്ത കുട്ടികളെ ഫീൽഡ് സർവ്വേ നടത്തി അങ്കണവാടികളിൽ എത്തിക്കുവാനുള്ള നടപടി സ്വീകരിക്കുവാൻ വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥരോട് കമ്മീഷൻ നിർദ്ദേശിച്ചു. കോളൂർ ഉന്നതി നിവാസികൾ ഉപയോഗിക്കുന്ന പൊതു കിണർ ഉപയോഗയോഗ്യമല്ലാത്തതിനാൽ വെള്ളത്തിനായി ബുദ്ധിമുട്ടുന്ന സാഹചര്യം കമ്മീഷനെ അറിയിച്ചു. ഉടനെ തന്നെ കിണർ നന്നാക്കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥർ കമ്മീഷനെ അറിയിച്ചു. പൊതുവിതരണം, വിദ്യാഭ്യാസം, ട്രൈബൽ, വനിതാശിശു വികസനം, ഫോറസ്റ്റ്, പോലീസ് വകുപ്പ് ഉദ്യോഗസ്ഥർ കമ്മീഷനെ അനുഗമിച്ചു.*യുവജന കമ്മീഷൻ വയനാട് ജില്ലാതല അദാലത്ത് സംഘടിപ്പിച്ചു*കേരള സംസ്ഥാന യുവജന കമ്മീഷന്‍ വയനാട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ അദാലത്ത് സംഘടിപ്പിച്ചു. നാല് പരാതികൾ പരിഹരിച്ചു. രണ്ട് പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. വിവിധ സ്വകാര്യ സ്ഥാപനത്തിലെ വേതന കുടിശ്ശിക ലഭിക്കുന്നത്, തൊഴിൽ വാഗ്ദാനം ചെയ്ത് സാമ്പത്തികതട്ടിപ്പ്, സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ, വിവിധ സ്ഥാപനങ്ങളിലെ നിയമനം, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നത് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് കമ്മീഷന് ലഭിച്ചത്. യുവജനങ്ങൾക്ക് സൗജന്യ നിയമ സഹായത്തിനായി 18001235310 എന്ന ടോൾഫ്രീ നമ്പർ യുവജനകമ്മീഷൻ്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു. അദാലത്തിൽ യുവജന കമ്മീഷൻ അംഗങ്ങളായ എസ്.കെ മൃദുല, പി.സി. ഷൈജു, അഡ്വ. അബേഷ് അലോഷ്യസ്, പി.പി. രൺദീപ്, അഡ്മിനിട്രേറ്റീവ് ഓഫീസർ എ. ഷഹൻഷാ, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവർ പങ്കെടുത്തു.*റിഥം: കുടുംബശ്രീ പരിശീലന പരിപാടി ഇന്ന് തുടങ്ങും*കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സിഡിഎസ് ചെയർപേഴ്‌സൺമാർക്കും മെമ്പർ സെക്രട്ടറിമാർക്കുമായി സംഘടിപ്പിക്കുന്ന ‘റിഥം’ ത്രിദിന പരിശീലന പരിപാടി ഇന്ന് (സെപ്റ്റംബര്‍ 23) ഹോട്ടൽ ഹരിതഗിരിയിൽ ആരംഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായുള്ള ഫലപ്രദമായ ഏകോപനം, മികച്ച പദ്ധതി ആസൂത്രണം, ഭരണ നിർവഹണം, സ്ത്രീ ശാക്തീകരണം, കുടുംബശ്രീ ബൈലോ നിയമങ്ങൾ, ഫിനാൻസ് മാനേജ്‌മെന്റ് തുടങ്ങിയ വിവിധ മേഖലകളിൽ സമഗ്രമായ അറിവ് പകരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സി.ഡി.എസ് ഭരണസമിതിയുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും പരിചയപ്പെടുത്തുന്നതിനും നേതൃപാടവവും ആശയവിനിമയശേഷിയും വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള വിഷയങ്ങളിലും ക്ലാസുകള്‍ നല്‍കും.






