spot_img
Tuesday, September 29, 2026

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സൗജന്യ ഹൃദയപരിശോധന: മന്ത്രി കെ. മുരളീധരൻ.



തിരുവനന്തപുരം: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ഹൃദയാഘാതം നേരത്തെ തിരിച്ചറിയുന്നതിനുള്ള ട്രോപ്പോണിൻ ടി പരിശോധന സൗജന്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു.ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലെ എഎംസിഎച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ലോക ഹൃദയദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സാധാരണക്കാർക്കും ഫലപ്രദമായ ഹൃദയപരിശോധന ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഇസിജിയിലും മറ്റ് പരിശോധനകളിലും ചിലപ്പോൾ കൃത്യമായ ഫലം ലഭിക്കാൻ പ്രയാസമുണ്ടാകാം. ഹൃദയാഘാതം വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന ട്രോപ്പോണിൻ ടി പരിശോധന ബിപിഎൽ വിഭാഗത്തിന് സൗജന്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർക്കായി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത് സർക്കാർ പ്രോത്സാഹിപ്പിക്കും. രോഗം നേരത്തെ തിരിച്ചറിയുന്നത് ചികിത്സയിൽ ഏറെ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. മരുന്നുകളുടെ ലഭ്യത സർക്കാർ ഉറപ്പാക്കുമെന്നും മരുന്നിന്റെ പേരിൽ കമ്മിഷൻ വാങ്ങാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ആരോഗ്യമുള്ള കേരളമാണ് ലക്ഷ്യം. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിനൊപ്പം കൃത്യമായ വ്യായാമത്തിനും സമയം കണ്ടെത്തണം. അമിത മദ്യപാനവും പുകവലിയും ഉൾപ്പെടെയുള്ള ശീലങ്ങൾ രോഗങ്ങൾക്ക് കാരണമാകുമെന്നും ആരോഗ്യകാര്യത്തിൽ ജാഗ്രത പുലർത്തിയാൽ പല രോഗങ്ങളും തടയാനാകുമെന്നും മന്ത്രി പറഞ്ഞു. ലഹരിക്കെതിരെ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ജനങ്ങൾ ഏറ്റെടുത്തതായും അദ്ദേഹം അറിയിച്ചു.ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരി അധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാദമി ചെയർമാൻ ജി. വേണുഗോപാൽ, ഹൃദ്രോഗ വിഭാഗം മേധാവി ഡോ. കെ.കെ. നാരായണൻ നമ്പൂതിരി, മെഡിക്കൽ സൂപ്രണ്ട് ഡോ. എച്ച്.വി. ഈശ്വർ, നഴ്സിംഗ് സൂപ്രണ്ട് ഒ. നിർമല, ഡോ. അരുൺ ഗോപാലകൃഷ്ണൻ, ഡോ. ദീപ എസ്. കുമാർ, കെ.കെ. ശ്രീനാഥ് തുടങ്ങിയവർ പങ്കെടുത്തു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles