spot_img
Tuesday, October 6, 2026

ഇന്ധനവിലയും ജീവിതച്ചെലവും കുതിക്കുന്നു; ഓട്ടോ തൊഴിലാളികൾ ദുരിതത്തിൽ.



കോഴിക്കോട് : ഇന്ധനവിലയും ജീവിതച്ചെലവും കുതിക്കുമ്പോൾ സർക്കാർ നിശ്ചയിച്ച പഴയ നിരക്കിൽ തന്നെ ഓട്ടോ ഓടിക്കാൻ കഴിയില്ലെന്ന് തൊഴിലാളികൾ. നാല് വർഷത്തിലേറെയായി നിരക്ക് പരിഷ്കരിക്കാത്ത സാഹചര്യത്തിൽ മിനിമം ചാർജ് 50 രൂപയാക്കണമെന്ന ആവശ്യവുമായി ഓട്ടോറിക്ഷ തൊഴിലാളി സംഘടനകൾ രംഗത്ത്. 2022 മേയിലാണ് സംസ്ഥാനത്ത് അവസാനമായി ഓട്ടോറിക്ഷ നിരക്ക് പരിഷ്കരിച്ചത്. ശേഷം ഇന്ധനം, വാഹന അറ്റകുറ്റപ്പണി, സ്പെയർപാർട്സ്, ഇൻഷുറൻസ്, നികുതി തുടങ്ങിയവയുടെ ചെലവിൽ വലിയ വർദ്ധനയുണ്ടായിട്ടും ഓട്ടോ നിരക്കിൽ മാറ്റമുണ്ടായില്ല. ദിവസവും ലഭിക്കുന്ന വരുമാനത്തിൽനിന്ന് ഇന്ധനച്ചെലവും വാഹനപരിപാലനവും മറ്റ് ചെലവുകളും കഴിഞ്ഞാൽ കുടുംബം പുലർത്താൻ പോലും പ്രയാസമാണെന്നാണ് തൊഴിലാളികൾ പറയുന്നത്. ജില്ലയിൽ ഏതാണ്ട് 25000 പെർമിറ്റുള്ള ഓട്ടോ സർവീസ് നടത്തുന്നുണ്ട്. കോർപ്പറേഷൻ പരിധിയിൽ 7500 എണ്ണവും. ഇവരെ ആശ്രയിച്ച് കഴിയുന്ന കുടുംബാംഗങ്ങൾ ഉൾപ്പെടെ ഏകദേശം ഒരു ലക്ഷം പേരാണ് മേഖലയുമായി ബന്ധപ്പെട്ട് കഴിയുന്നത്. വാഹന നികുതി, ഇന്ധനവുമായി ബന്ധപ്പെട്ട നികുതികൾ, വിവിധ ഫീസുകൾ, പിഴകൾ എന്നിവയ്ക്കു പുറമേ ടയറുകളും മറ്റ് സ്പെയർപാർട്സുകളും ഉൾപ്പെടെയുള്ള വാഹനപരിപാലനച്ചെലവും വർദ്ധിച്ചു. ഇൻഷുറൻസ് പ്രീമിയവും ഉയർന്നു. ഇതിനൊപ്പം ഭക്ഷണം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ കുടുംബച്ചെലവുകൾ കൂടിയതോടെ നിലവിലെ നിരക്കിൽ ഓട്ടോ സർവീസ് നടത്തുന്നത് സാമ്പത്തികമായി ബുദ്ധിമുട്ടാണെന്ന് തൊഴിലാളികൾ പറയുന്നത്. നിലവിലെ ഒന്നര കിലോമീറ്ററിനുള്ള മിനിമം ചാർജ് 30 രൂപയിൽനിന്ന് 50 രൂപയായി ഉയർത്തണമെന്നാണ് പ്രധാന ആവശ്യം. മിനിമം ദൂരത്തിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും നിലവിലുള്ള 15 രൂപയിൽനിന്ന് 25 രൂപയായി നിരക്ക് വർദ്ധിപ്പിക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു. ടൗൺ പരിധിക്ക് പുറത്തേക്ക് സർവീസ് നടത്തിയ ശേഷം തിരിച്ചുവരുമ്പോൾ യാത്രക്കാരെ ലഭിക്കാത്ത സാഹചര്യം പതിവാണ്. ഇത്തരം സർവീസുകളിൽ ടൗൺ പരിധി വരെയുള്ള റിട്ടേൺ ചാർജ് ഈടാക്കാൻ അനുമതി നൽകണം. രാത്രിയിൽ മീറ്റർ നിരക്കിന്റെ 50 ശതമാനം അധികം ഈടാക്കുന്ന നിലവിലെ രീതി ഒഴിവാക്കി റിട്ടേൺ ചാർജ് അനുവദിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു. 15 മിനിറ്റിന് നിലവിലുള്ള 10 രൂപ വെയിറ്റിംഗ് ചാർജ് കുറഞ്ഞത് 25 രൂപയാക്കണമെന്നും ആവശ്യമുണ്ട്. ഓട്ടോറിക്ഷ നിരക്കുമായി ബന്ധപ്പെട്ട 2004 ലെ സർക്കാർ ഉത്തരവിലെ പല വ്യവസ്ഥകളും ഇപ്പോഴും തുടരുകയാണെന്നും തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഇന്ധനവില, വാഹനപരിപാലനച്ചെലവ്, സ്പെയർപാർട്സ് വില, ഇൻഷുറൻസ്, നികുതി എന്നിവയിലുണ്ടായ മാറ്റങ്ങൾ പരിഗണിച്ച് നിരക്ക് നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ കാലാനുസൃതമായി ശാസ്ത്രീയമായി പരിഷ്കരിക്കണ മെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles