കോഴിക്കോട് : കുതിരച്ചാണകം സമീപത്തെ വീട്ടിലേക്ക് തള്ളിയതുമായി ബന്ധപ്പെട്ട് അയൽവാസിയെ വെടിവച്ച യുവാവ് റിമാൻഡിലായതോടെ കുതിരകൾ തനിച്ചായി. പരിചരിക്കാൻ ആളില്ലാത്ത കുതിരകളുടെ സംരക്ഷണത്തിന് നടപടിയെടുക്കാൻ വെള്ളയിൽ പൊലീസ് മൃഗസംരക്ഷണ വകുപ്പിനു റിപ്പോർട്ട് സമർപ്പിച്ചെങ്കിലും നടപടിയില്ല. കഴിഞ്ഞ ദിവസമാണ് ബിജി റോഡ് ചെട്ടിത്തോപ്പ് പറമ്പിൽ വളർത്തുന്ന കുതിരകളുടെ വിസർജ്യം സമീപത്തെ വീട്ടിലേക്ക് ഒഴുക്കിയതായി ബന്ധപ്പെട്ട തർക്കത്തിൽ ചെട്ടിത്തോപ്പ് പറമ്പ് പുഷ്പലതയെ അയൽവീട്ടിൽ താമസിക്കുന്ന ഷിംജിത്ത് വെടിവച്ചത്. ഇവർ പരുക്കേറ്റ് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്ത ഷിംജിത്ത് റിമാൻഡിലാണ്.മൃഗസംരക്ഷണ വകുപ്പിന്റെ സ്പെഷൽ വിങ്ങിന്റെ നേതൃത്വത്തിൽ കുതിരകളുടെ സംരക്ഷണം ഏറ്റെടുക്കണമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ കുതിരകൾക്ക് ശുശ്രൂഷ നൽകുകയാണ് വകുപ്പ് ചെയ്യുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അനാഥമാകുന്ന വളർത്തു മൃഗങ്ങളുടെ സംരക്ഷണം കോർപറേഷൻ ആരോഗ്യ വിഭാഗമാണ് ഏറ്റെടുക്കേണ്ടെതെന്നും പറയുന്നു. എന്നാൽ ഇങ്ങനെ ഒരു നിർദേശം കോർപറേഷൻ ആരോഗ്യ വിഭാഗത്തിന് ലഭിച്ചില്ലെന്നു പറയുന്നു. കുതിരകളെ ആരും സംരക്ഷിക്കാത്ത സാഹചര്യത്തിൽ സമീപവാസികളാണ് ഇപ്പോഴും ഭക്ഷണം നൽകുന്നത്.






