spot_img
Wednesday, October 7, 2026

മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലേക്ക് മാവൂർ റോഡിനു കുറുകെ എസ്കലേറ്റർ സ്ഥാപിക്കും.



കോഴിക്കോട് : മൊഫ്യൂസിൽ ബസ് സ്റ്റാൻഡിനു സമീപം മാവൂർ റോഡിനു കുറുകെ എസ്കലേറ്റർ സ്ഥാപിക്കുന്നതിന് ഉൾപ്പെടെയുള്ള പുതിയ പദ്ധതികളുമായി കോർപറേഷൻ വാർഷിക പദ്ധതി ഭേദഗതി ചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം തീരുമാനിച്ചു. സ്പിൽ ഓവർ പദ്ധതികൾക്കായി സർക്കാർ 40.92 കോടിയുടെ അധിക വിഹിതം കൂടി അനുവദിച്ച സാഹചര്യത്തിലാണ് വാർഷിക പദ്ധതി ഭേദഗതി ചെയ്യുന്നത്. മേയർ ഒ.സദാശിവൻ അവധി ആയതിനാൽ ഡപ്യൂട്ടി മേയർ എസ്.ജയശ്രീയുടെ അധ്യക്ഷതയിലാണ് കൗൺസിൽ യോഗം ചേർന്നത്.മൊഫ്യുസിൽ ബസ് സ്റ്റാൻഡിൽ നിന്ന് മാവൂർ റോഡ് മർകസ് കോംപ്ലക്സ് ഭാഗത്തേക്കാണ് എസ്കലേറ്റർ നിർമിക്കുക. ഇതിനായി ഫെഡറൽ ബാങ്ക് സിഎസ്ആർ ഫണ്ടിൽ നിന്ന് 6 കോടി രൂപ നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്.പകൽ വീടുകൾക്ക് 5 ലക്ഷം രൂപ വകയിരുത്തിയിരുന്നത് 30 ലക്ഷം രൂപയാക്കി ഉയർത്തി. സാഹിത്യ നഗരത്തിന്റെ തുടർപ്രവർത്തനങ്ങൾക്ക് 2 ലക്ഷം അനുവദിച്ചിരുന്നത് 5 ലക്ഷം രൂപയാക്കി. സമന്വയ പദ്ധതിക്ക് 45 ലക്ഷം അനുവദിക്കാനും പ്രത്യേക കൗൺസിൽ യോഗം തീരുമാനിച്ചു.വാർഷിക പദ്ധതി ഭേദഗതി ചെയ്യാൻ ചേർന്ന യോഗം രാഷ്ട്രീയ ചർച്ചയിലേക്കു വഴിമാറിയത് അൽപസമയം ആരോപണ പ്രത്യാരോപണങ്ങൾക്ക് ഇടയാക്കി. കോർപറേഷന് 41 കോടി രൂപ അനുവദിച്ച യുഡിഎഫ് സർക്കാരിനെ അഭിനന്ദിക്കണമെന്ന് കോൺഗ്രസിലെ ശോഭിത പറ ഞ്ഞപ്പോൾ, എൽഡിഎഫ് സർക്കാർ അനുവദിച്ച 132 കോടി രൂപ 23 കോടിയായി വെട്ടിക്കുറച്ചവരാണ് യുഡിഎഫ് എന്നും വെട്ടിക്കുറച്ച 109 കോടിയിലേക്കാണ് ഇപ്പോൾ 41 കോടി രൂപ അനുവദിച്ചിരിക്കുന്നതെന്നും സ്ഥിരം സമിതി അധ്യക്ഷൻ വി.പി.മനോജ് മറുപടി നൽകി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടത്തിയ പ്രവൃത്തിയുടെ പണം കരാറുകാർക്ക് നൽകാത്തതു കാരണം കരാറുകാർ പുതിയ പ്രവൃത്തി ഏറ്റെടുക്കുന്നില്ലെന്ന് കോൺഗ്രസിലെ എസ്.കെ.അബൂബക്കർ ആരോപിച്ചു. കരാറുകാർക്ക് കോർപറേഷൻ 1000 കോടിയാണ് കൊടുക്കാനുളളതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ വർക്കുകൾ ടെൻഡർ ആകാത്തത് കോർപറേഷന്റെ കുഴപ്പം കൊണ്ടല്ലെന്നും മറിച്ച് ജില്ലാ ആസൂത്രണ സമിതിയുടെ അനുമതി ലഭിക്കാത്തതിനാലാണെന്നും വി.പി.മനോജ് പറഞ്ഞു.പുതിയ സൈക്കിൾ ഷെഡ് പണിയില്ലെന്നും ആവശ്യമായ പരിശോധനകൾ നടത്തുമെന്നും സൈക്കിൾ ഷെഡ് രണ്ടാംഘട്ടത്തിനായി ഒരു ലക്ഷം വകയിരുത്തിയതുമായി ബന്ധപ്പെട്ട് ബിജെപിയിലെ ടി.രനീഷിന്റെ ചോദ്യത്തിനു വി.പി.മനോജ് മറുപടി പറഞ്ഞു. സൈക്കിൾ പ്രോജക്ടിന്റെ ഫയൽ ഇനിയും കമ്മിറ്റിയിലേക്കു വന്നിട്ടില്ലെന്നും ഫയൽ കിട്ടിയാലേ തുടർ നടപടികൾ സ്വീകരിക്കാനാകൂവെന്നും സ്ഥിര സമിതി അധ്യക്ഷ കവിത അരുൺ പറഞ്ഞു.വാർഷിക പദ്ധതി ഭേദഗതി ചെയ്യാനുള്ള യോഗം രാഷ്ട്രീയ ചർച്ചയിലേക്കു വഴിമാറുന്നത് ദൗർഭാഗ്യകരമാണെന്ന് ഡപ്യൂട്ടി മേയർ എസ്.ജയശ്രീ പറഞ്ഞു. പ്ലാൻ ഫ ണ്ട് ഒരുമിച്ച് കിട്ടാത്തതിനാൽ പദ്ധതി പലതവണ ഭേദഗതി ചെയ്യുന്നതു കാലതാമസം ഉണ്ടാക്കുമെന്നും ഡപ്യൂട്ടി മേയർ പറഞ്ഞു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles