പരസ്യങ്ങൾക്ക് കർശന നിയന്ത്രണം
ന്യൂഡൽഹി: തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾക്കു കർശനനിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. അതോടൊപ്പം ലഹരിവസ്തുക്കളുടെയും പാനീയങ്ങളുടെയും പരസ്യങ്ങൾക്ക് സന്പൂർണ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. കുട്ടികളെ സൂപ്പർ ഹീറോകളാക്കി മാറ്റുമെന്ന തരത്തിലുള്ള പരസ്യങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുന്നതാണ് പുതിയ മാർഗനിർദേശങ്ങൾ. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ഇറക്കിയ നിർദേശങ്ങൾ വെള്ളിയാഴ്ച മുതൽ നിലവിൽ വന്നു.മാർഗനിർദേശങ്ങൾ ലംഘിച്ചാൽ ഉപഭോക്തൃസംരക്ഷണ നിയമപ്രകാരം ആദ്യം പത്തു ലക്ഷം രൂപയും വീണ്ടും ലംഘിച്ചാൽ 50 ലക്ഷം രൂപയും പിഴ ചുമത്തും. അച്ചടി, ദൃശ്യ, ഓണ്‍ലൈൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും പ്രക്ഷേപണം ചെയ്യുകയും ചെയ്യുന്ന എല്ലാ പരസ്യങ്ങൾക്കും മാർഗനിർദേശങ്ങൾ ബാധകമാണ്. അതു പോലെ ഉപഭോക്താക്കളെ ആകർഷിക്കാൻ സാധനങ്ങൾ യഥാർഥ വിലയിലും കുറച്ചു വിൽക്കുന്നു എന്ന തരത്തിലുള്ള പരസ്യങ്ങളും കുറ്റകരമാണ്.
മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി; പുതുക്കാട്ട് നാലുപേർ അറസ്റ്റിൽ
പുതുക്കാട്: ദേശീയപാതയിൽ പുതുക്കാട് സെന്‍ററിൽ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാട്ടിയ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ നാലുപേർ അറസ്റ്റിൽ. ഡിസിസി ജനറൽ സെക്രട്ടറി സെബി കൊടിയൻ, ബ്ലോക്ക് സെക്രട്ടറി സ്റ്റാൻലോ ജോർജ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയംഗം സിന്‍റോ പയ്യപ്പിള്ളി, എഡ്വിൻ പുത്തൻപീടിക എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ശനിയാഴ്ച വൈകീട്ട് 7.30-നാണ് സംഭവം. ദേശീയപാതയിലൂടെ മുഖ്യമന്ത്രിയെത്തുന്പോൾ പാലിയേക്കര ടോൾപ്ലാസയിൽ പ്രതിഷേധമുണ്ടാകുമെന്ന അഭ്യൂഹം ഉയർന്നിരുന്നു. എന്നാൽ പുതുക്കാട് സിഗ്നലിൽ അപ്രതീക്ഷിതമായാണ് പ്രതിഷേധക്കാരെത്തിയത്. നാലു പോലീസുകാർ മാത്രമാണ് ആ സമയത്ത് പുതുക്കാട് സെൻററിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്.ദേശീയപാതയിലേക്ക് കരിങ്കൊടിയുമായി ഇറങ്ങിയ പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കി വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ പ്രതിഷേധക്കാരെ തടയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; ഞായറാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: അടുത്ത 24 മണിക്കൂർ കൂടി സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഏഴ് മുതൽ 11 സെന്‍റീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത. ഏഴ് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.ചൊവ്വാഴ്ച വരെ കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്‍റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി
ബാലസാഹിത്യകാരി വിമല മേനോൻ അന്തരിച്ചു
തിരുവനന്തപുരം: ബാലസാഹിത്യകാരി വിമല മേനോൻ (76) അന്തരിച്ചു. സംസ്കാരം നാളെ വൈകുന്നേരം മൂന്നുമണിക്ക് നടക്കും. കേരള സംസ്ഥാന ബാലസാഹിത്യ പുരസ്ക്കാരം അടക്കം നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 1945 ല്‍ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ ഭാനുമതിയമ്മയും രാഘവപ്പണിക്കരുടെയും മകളായി ജനിച്ച വിമല മേനോൻ, ആലുവാ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ്, തൃശൂര്‍ വിലമാ കോളേജ് എന്നിവിടങ്ങളില്‍ പഠനം പൂർത്തിയാക്കി. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ അവർ കേരള സ്‌റ്റേറ്റ് ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പാള്‍ സ്ഥാനത്തു നിന്നാണ് വിരമിച്ചത്.സംസ്ഥാന അവാർഡിനൊപ്പം കൈരളി ബുക്ക് ട്രസ്റ്റ് അവാര്‍ഡ്, എസ്. ബി. ടി. അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങ ഇവരെ തേടിയെത്തി. അമ്മപ്പശുവിന്റെ ഊഞ്ഞാലാട്ടം, ഗോലികളിക്കാന്‍ പഠിച്ച രാജാവ്, മന്ദാകിനി പറയുന്നത്, ശ്യാമദേവന്‍, നമ്മളെ നമ്മള്‍ക്കായി തുടങ്ങിയ നിരവധി കൃതികൾ രചിച്ചിട്ടുണ്ട്
കണ്ടന്റ് എഡിറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ സംയോജിത വികസന വാർത്താ ശൃംഖല പദ്ധതി പ്രിസം) യുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഒഴിവുള്ള കണ്ടന്റ് എഡിറ്റർ തസ്തികയിലേക്ക് അർഹരായ ഉദ്യോഗാർഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു.യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേണലിസം/ പബ്ലിക് റിലേഷൻസ്/ മാസ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമ അല്ലെങ്കിൽ ജേണലിസം / പബ്ലിക് റിലേഷൻസ് / മാസ് കമ്മ്യൂണിക്കേഷനിൽ അംഗീകൃത ബിരുദം. പത്ര, ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ ഓൺലൈൻ മാധ്യമങ്ങളിലോ സർക്കാർ അർധ- സർക്കാർ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷൻസ് വാർത്താ വിഭാഗങ്ങളിലോ സമൂഹ മാധ്യമങ്ങളിലോ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം. സമൂഹ മാധ്യമങ്ങളിൽ കണ്ടന്റ് ജനറേഷനിൽ പ്രവൃത്തിപരിചയം ഉണ്ടാകണം. ഡിസൈനിംഗിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന. പ്രായപരിധി: 35 വയസ്സ് (നോട്ടിഫിക്കേഷൻ നൽകുന്ന തീയതി കണക്കാക്കി)2022 ജൂലൈ 1ന് രാവിലെ 11 മണിക്ക് പരീക്ഷയും തുടർന്ന് അഭിമുഖവും നടത്തും. താത്പര്യമുള്ളവർ ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയൽ രേഖ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടുന്ന അപേക്ഷ ജൂൺ 28ന് മുമ്പായി കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭ്യമാക്കണം. വിലാസം: ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്-20. ഫോൺ: 0495 2370225
വിമാനത്തിനുള്ളിൽ ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; യുവാവിനെതിരെ കേസ്
മസ്കറ്റ്-കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽവെച്ച് ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമമെന്ന് പരാതി. സംഭവത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ക്രൂവും മുംബൈ സ്വദേശിയുമായ പ്രസാദ് എന്നയാൾക്കെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. മസ്ക്കറ്റില്‍നിന്ന് കണ്ണൂരിലേക്കു പുറപ്പെട്ട വിമാനത്തിനുള്ളിൽ ആൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി. 15കാരന്റെ സ്വകാര്യഭാഗങ്ങളിൽ ഇയാൾ സ്പർശിക്കുകയായിരുന്നു. ജൂൺ അഞ്ചിനാണ് പരാതിക്കടിസ്ഥാനമായ സംഭവം. കണ്ണൂര്‍ എയര്‍പോര്‍ട്ട് പൊലീസാണ് കേസെടുത്തത്. 15 വയസ്സുകാരന്റെ സ്വകാര്യ ഭാഗങ്ങളിൽ പ്രതി സ്പർശിച്ചെന്നാണ് പരാതി. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.






