കോഴിക്കോട് ∙ കെഎസ്ആർടിസി ബസിനു കല്ലെറിയുകയോ ജീവനക്കാരെ ആക്രമിക്കുകയോ ചെയ്യുന്നവർ ചില്ലറ നഷ്ടപരിഹാരം നൽകി തടിയൂരിപ്പോകുന്ന പരിപാടി ഇനി നടപ്പില്ല. ഇത്തരം സംഭവങ്ങൾ ഉടൻ പൊലീസിൽ പരാതി നൽകി കേസാക്കണമെന്നു കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ നിർദേശം നൽകി.
അക്രമങ്ങളെ തുടർന്നു പലപ്പോഴും സർവീസ് റദ്ദാക്കേണ്ടി വരാറുണ്ട്. എന്നാൽ, സർക്കാർ ജീവനക്കാരെ മർദിക്കുന്നതും ജോലി തടസ്സപ്പെടുത്തുന്നതും പൊതുമുതൽ നശിപ്പിക്കുന്നതും ഒത്തുതീർപ്പാക്കാൻ കഴിയാത്ത വകുപ്പുകളിൽപെടുന്ന കുറ്റകൃത്യമായതിനാൽ മിക്കവരും ചെറിയ നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പാക്കി കേസ് ഒഴിവാക്കുകയാണു പതിവ്.കേസാക്കിയാൽ അഞ്ചുവർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. അതിനാൽ, ബസിനുണ്ടായ കേടുപാടുകളുടെ നഷ്ടം മാത്രം നൽകിയാണ് മിക്കപ്പോഴും ഒത്തുതീർപ്പാക്കുന്നത്. ഇനി മുതൽ ഒത്തുതീർപ്പുകൾ ഇനിമുതൽ വേണ്ടെന്നാണു എംഡിയുടെ കർശന നിർദേശം. ഇത്തരം സംഭവമുണ്ടായാൽ ഉടൻ പൊലീസിൽ റിപ്പോർട്ട് ചെയ്യേണ്ട ചുമതല അതാത് പരിധിയിലെ യൂണിറ്റ് ഓഫിസർമാർക്കാണ്.






