സംസ്ഥാനത്തെ 1,200 തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കായി തയ്യാറാക്കിയ ഔദ്യോഗിക വെബ്‌സൈറ്റുകളുടെയും, ഓഫീസുകളിലെ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനുള്ള ക്യുആർ കോഡ് അധിഷ്ഠിത സിറ്റിസൺ ഫീഡ്‌ബാക്ക് സംവിധാനത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിലുൾപ്പെടുത്തി നടപ്പാക്കിയ പദ്ധതിയിലൂടെ 941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ എന്നിവയുടെ ഭരണപരമായ വിവരങ്ങളും പൗരസേവനങ്ങളും ഇനി വിരൽത്തുമ്പിൽ ലഭ്യമാകും. കെ-സ്മാർട്ട് ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി കോർത്തിണക്കിയ വെബ്‌സൈറ്റുകൾ വഴി സർട്ടിഫിക്കറ്റുകൾ, നികുതി അടയ്ക്കൽ, ലൈസൻസുകൾ, പരാതിപരിഹാരം എന്നിവ സൗകര്യപ്രദമായി പൂർത്തിയാക്കാവുന്നതാണെന്നും, ഫ്രണ്ട് ഓഫീസുകളിലെ ക്യുആർ കോഡ് സ്‌കാൻ ചെയ്ത് ജീവനക്കാരുടെ പെരുമാറ്റവും ഓഫീസിലെ ശുചിത്വവുമടക്കമുള്ള കാര്യങ്ങളിൽ ജനങ്ങൾക്ക് നൽകുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങൾക്ക് ഗ്രേഡിംഗ് നൽകുമെന്നും ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജിയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.






