തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത. തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. പത്തനംതിട്ടയിൽ വ്യാപക നാശനഷ്ടംകഴിഞ്ഞ ദിവസങ്ങളിൽ പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്‌ടം. ഇലന്തൂർ പഞ്ചായത്തിലെ തുമ്പമൺചിറ, വരട്ടുചിറ ഭാഗങ്ങളിലും, നാരങ്ങാനം പഞ്ചായത്തിൻ്റെ 12-ാം വാർഡിൽ, ഭജനമഠം ഭാഗത്തുമാണ് ഏറെ നാശനഷ്ടങ്ങൾ ഉണ്ടായത്.ഇലന്തൂർ തുമ്പമൺതറ ഭാഗത്ത് ഉറുമ്പിക്കിഴക്കേതിൽ ലേഖയുടെ വീട് മരം വീണ് പൂർണ്ണമായും തകർന്നു.കഴിഞ്ഞ ദിവസം പെയ്ത ശക്തമായ കാറ്റിലും മഴയിലും ഇലന്തൂർ പഞ്ചായത്തിലെ 2-ാം വാർഡായ തുമ്പമൺചിറ, നാലാം വാർഡിൽപെട്ട വരട്ടുചിറ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. അഞ്ഞിലിമരം കടപുഴകി വീണ് ഉറുമ്പിൽ കിഴക്കേതിൽ ലേഖയുടെ വീട് പൂർണ്ണമായി തകർന്നു. ഇതോടൊപ്പം മറ്റു നാലൊളം വീടുകൾ ഭാഗികമായും തകർന്നു.തകർന്ന വീടുകളിലെ ഗ്യഹോപകരണങ്ങളും ഇലക്ട്രോണിക്ക് ഉപകരണങ്ങളുമെല്ലാം ഉപയോഗ ശൂന്യമായി. നിരവധി വൈദ്യുതി പോസ്‌റ്റുകളും ഒടിഞ്ഞ് വീണ് പ്രദേശത്തെ വൈദ്യുതി വിതരണവും തടസപ്പെട്ടിട്ടുണ്ട്. രണ്ടാം വാർഡിൽ ട്രൈബൽ കോളനിയിൽ താമസക്കാരിയായ കുറ്റിയാൽ ഭവാനി, ശശി വട്ടമുരുപ്പേൽ, രമേശൻ പുതുവേലിൽ, ശ്രീലേഖ കണിയാങ്കണ്ടത്തിൽ, തുളസി ചേനം ചിറ, സുനിൽ നെടുമുരുപ്പിൽ എന്നിവരുടെ വീടുകൾക്കാണ് ഭാഗീകമായി നാശനഷ്‌ടങ്ങളുണ്ടായത്.കാർഷിക മേഖലയായ തുമ്പമൺതറയിൽ വൻ കൃഷി നാശവും ഉണ്ടായി.നാരങ്ങാനം പഞ്ചായത്തിലെ 12 ആം വാർഡിൽ ഭജനമഠം ഭാഗത്തും വലിയ നാശനഷ്‌ടങ്ങളാണ് ഉണ്ടായത്. ചുട്ടുമണ്ണിൽ പുരുഷോത്തമനാചാരിയുടെ വീടിന് മുകളിൽ ആഞ്ഞിലി മരം വീണ് വീട് ഭാഗീകമായി തകർന്നു. ചുട്ടുമണ്ണിൽ രാജേഷിൻ്റെ വീടിനും മരം വീണ് ഭാഗീകമായി നാശനഷ്‌ടം ഉണ്ടായിട്ടുണ്ട്. രാജൻകുട്ടി ചേനംചിറമുരുപ്പൽ എന്ന ആളുടെയും വിടിനും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. നാരങ്ങാനം പഞ്ചായത്തിലും വ്യാപകമായ കൃഷി നാശവും ഉണ്ടായി. പ്രദേശത്തുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്‌തി കണക്കിലെടുത്ത് സർക്കാർ അടിയന്തരമായി സഹായം നൽകണമെന്നാണ് ആവശ്യം.






