spot_img
Tuesday, October 27, 2026

ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ ഇനി ആരോഗ്യ വിവരങ്ങളും വെളിപ്പെടുത്തേണ്ടിവരും; ചട്ടം ഭേദഗതി ചെയ്യുന്നു



ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കാൻ കേന്ദ്ര സർക്കാർ. കേന്ദ്ര മോട്ടോർ വെഹിക്കിൾസ് റൂൾസ് (CMVR) 1989 ഭേദഗതി ചെയ്യുന്നതിനുള്ള കരട് വിജ്ഞാപനത്തിൽനിന്നാണ് ഇതുസംബന്ധിച്ച സൂചനകൾ പുറത്തുവരുന്നത്. ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുന്നവർ ഇനി കൂടുതൽ മെഡിക്കൽ വിവരങ്ങൾ വെളിപ്പെടുത്തേണ്ടിവരും. ശാരീരികക്ഷമത സംബന്ധിച്ച സ്വയം പ്രഖ്യാപനമാണ് ആരോഗ്യ വിവരങ്ങളടക്കം ഉൾപ്പെടുത്തി വിപുലീകരിക്കുന്നത്.മരുന്നുകളോടുള്ള അലർജി, ഏതെങ്കിലും മെഡിക്കൽ അല്ലെങ്കിൽ സർജിക്കൽ ഇംപ്ലാന്റുകൾ എന്നിവയെക്കുറിച്ചും മറ്റ് വിശദാംശങ്ങളും അപേക്ഷകർ വെളിപ്പെടുത്തേണ്ടിവരും.റോഡപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ മാത്രമേ ഈ വിവരങ്ങൾ ഉപയോഗിക്കൂ എന്ന് കരട് വിജ്ഞാപനം വ്യക്തമാക്കുന്നു.അപസ്മാരം ഉള്ളവർ ഡ്രൈവിങ് ലൈസൻസ് അപേക്ഷയിൽ വിശദമായ വെളിപ്പെടുത്തൽ നടത്തേണ്ടിവരും. അപസ്മാര രോഗാവസ്ഥയോ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ അപസ്മ‌ാരമുണ്ടായതോ നിലവിൽ അപസ്മാരത്തിനുള്ള മരുന്നുകൾ കഴിക്കുന്നതോ ആയ വ്യക്തികൾക്ക് ഫുൾ ഡ്രൈവിങ് ലൈസൻസോ ലേണേഴ്സ് ലൈസൻസോ ലഭിക്കുന്നതിനുള്ള മെഡിക്കൽ ക്ലിയറൻസ് ലഭിക്കില്ല. പുതിയ വാഹന ക്ലാസ് ചേർക്കുന്നതിനും ലൈസൻസ് പുതുക്കുന്നതിനും ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് ലഭിക്കുന്നതിനും ഈ വ്യവസ്ഥ ബാധകമാണ്. ഇതുകൂടാതെ ലൈസൻസ് അപേക്ഷകളിലെ നിർബന്ധിത ഫീൽഡുകളിൽ അപേക്ഷകന്റെ രക്തഗ്രൂപ്പും അടിയന്തര കോൺടാക്റ്റ് നമ്പറും ഉൾപ്പെടുത്തേണ്ടതുണ്ട്.ലേണേഴ്സ് ലൈസൻസ് പരീക്ഷയുടെ പാസ് മാർക്ക് 60 ശതമാനത്തിൽ നിന്ന് 75 ശതമാനമായി ഉയർത്താൻ റോഡ് ഗതാഗത – ഹൈവേ മന്ത്രാലയം (MoRTH) നിർദ്ദേശിച്ചിട്ടുണ്ട്. ലേണേഴ്‌സ് ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കും. കരട് വിജ്ഞാപനപ്രകാരം ലേണേഴ്സ് ലൈസൻസ് ലഭിക്കുന്നതിന് രണ്ട് ഘട്ടങ്ങളുണ്ടാകും. അപേക്ഷ സമർപ്പിച്ചതിന് ശേഷം റോഡ് അടയാളങ്ങൾ, ട്രാഫിക് നിയമങ്ങൾ, അപകടത്തിന് ശേഷമുള്ള ഡ്രൈവറുടെ ഉത്തരവാദിത്തങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന സുരക്ഷിത ഡ്രൈവിങ്ങിനെക്കുറിച്ചുള്ള ഓൺലൈൻ ട്യൂട്ടോറിയൽ അപേക്ഷകർ ആദ്യം പൂർത്തിയാക്കണം. ഇതിന് കുറഞ്ഞത് 30 മിനിറ്റ് എങ്കിലും ദൈർഘ്യം ഉണ്ടായിരിക്കണം.ഈ ട്യൂട്ടോറിയൽ പൂർത്തിയായിക്കഴിഞ്ഞാൽ, ലേണേഴ്സ് ലൈസൻസ് പരീക്ഷ എഴുതാൻ അപേക്ഷകർക്ക് 7 ദിവസത്തെ സമയം ലഭിക്കും. ഇവിടെ വിജയിക്കാൻ നിലവിലുള്ള 60 ശതമാനത്തിന് പകരം കുറഞ്ഞത് 75 ശതമാനം മാർക്ക് നേടേണ്ടതുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles