ന്യൂഡൽഹി : അരി, പഞ്ചസാര, പാൽ, മുട്ട, പാചക എണ്ണ തുടങ്ങി അടുക്കളയിലെ നിത്യോപയോഗ സാധനങ്ങൾ മുതൽ സോപ്പ്, ഡിറ്റർജന്റ് ഉൾപ്പെടെയുള്ള വീട്ടുപയോഗ ഉൽപന്നങ്ങൾ വരെ വില ഉയരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിന് കനത്ത തിരിച്ചടിയാകുന്നു. ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വിലവർധന ജനജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണ്. അരി, പഞ്ചസാര, പയർവർഗങ്ങൾ, ധാന്യങ്ങൾ, പാചക എണ്ണ, മസാലകൾ, പച്ചക്കറികൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾക്കൊപ്പം പാൽ, തൈര്, വെണ്ണ, നെയ്യ് തുടങ്ങിയ പാലുൽപന്നങ്ങൾക്കും വില വർധിച്ചിട്ടുണ്ട്. അമുൽ, മദർ ഡയറി, നന്ദിനി തുടങ്ങിയ ഡയറി കമ്പനികൾ വിവിധ ഉൽപന്നങ്ങളുടെ വില ഉയർത്തിയിട്ടുണ്ട്. നവംബർ 12 മുതൽ അമുലിന്റെ ചില പാൽ ഉൽപന്നങ്ങൾക്ക് രണ്ട് മുതൽ നാല് രൂപ വരെയാണ് വർധന. കർണാടകയിലെ നന്ദിനിയും പാൽ വിലയിൽ എട്ട് മുതൽ 12 രൂപ വരെ വർധന വരുത്തിയിട്ടുണ്ട്. അമുലിന്റെ നെയ്യ്, വെണ്ണ എന്നിവയ്ക്കും 15 മുതൽ 20 രൂപ വരെ വില കൂട്ടിയിട്ടുണ്ട്.ഭക്ഷ്യവസ്തുക്കൾക്ക് പുറമെ അലക്കുപൊടി, സോപ്പ്, മറ്റ് ശുചീകരണ ഉൽപന്നങ്ങൾ എന്നിവയുടെ വിലയും ഉയരുകയാണ്. ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ സർഫ് എക്സൽ, റിൻ, വീൽ തുടങ്ങിയ ഡിറ്റർജന്റ് ഉൽപന്നങ്ങൾക്ക് വില വർധിപ്പിച്ചിട്ടുണ്ട്. സർഫ് എക്സൽ ക്വിക്ക് വാഷിന്റെ ഒരു കിലോ പാക്കറ്റിന് 235 രൂപയായിരുന്നത് 245 രൂപയായി. 500 ഗ്രാം പാക്കറ്റിന് 123 രൂപയിൽ നിന്ന് 128 രൂപയായും വില ഉയർന്നു. റിൻ, വീൽ ഡിറ്റർജന്റ് പൗഡറുകൾക്കും വില വർധിച്ചിട്ടുണ്ട്. മോട്ടി ഗുലാബ് സോപ്പിന്റെ 150 ഗ്രാം പാക്കറ്റിന് 74 രൂപയായിരുന്നത് 82 രൂപയായി. സിഗരറ്റ് ഉൾപ്പെടെയുള്ള മറ്റ് ഉൽപന്നങ്ങളുടെ വിലയിലും വർധനയുണ്ട്. ഐടിസിയുടെ ഗോൾഡ് ഫ്ലേക്ക് പ്രീമിയം സിഗരറ്റിന്റെ പത്ത് സ്റ്റിക്കുകളുള്ള പാക്കറ്റിന് പത്ത് രൂപ കൂട്ടി. 125 രൂപയായിരുന്ന പാക്കറ്റിന്റെ പുതിയ വില 135 രൂപയാണ്. 2026 ജൂണിലും പത്ത് രൂപ വർധിപ്പിച്ചിരുന്നു. ഇതോടെ ഒരു വർഷത്തിനിടെ പാക്കറ്റിന് ആകെ 20 രൂപയുടെ വർധനയുണ്ടായി.നിത്യജീവിതത്തിൽ ഒഴിവാക്കാനാകാത്ത ഭക്ഷ്യവസ്തുക്കളും വീട്ടുപയോഗ സാധനങ്ങളും ഒരേസമയം വില കൂടുന്നത് സാധാരണക്കാരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. വരുമാനത്തിൽ കാര്യമായ വർധനയില്ലാത്ത സാഹചര്യത്തിൽ ഓരോ മാസത്തെയും വീട്ടുചെലവുകൾ കണ്ടെത്താൻ കുടുംബങ്ങൾ കൂടുതൽ പ്രയാസപ്പെടുകയാണ്. ചെറുകിട വരുമാനക്കാരും സാധാരണ തൊഴിലാളികളും ഉൾപ്പെടെയുള്ളവർക്ക് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം വലിയ സാമ്പത്തിക സമ്മർദമാണ് സൃഷ്ടിക്കുന്നത്.






