spot_img
Wednesday, November 11, 2026

കെഎസ്ആർടിസിക്ക് ബസ് വാങ്ങാൻ ഇതുവരെ ഫണ്ട് നൽകിയത് 73 എംഎൽഎമാർ; ബസുകളുടെ എണ്ണം 103



കണ്ണൂർ : ടി.ഒ.മോഹനൻ, ടി.കെ.ഗോവിന്ദൻ, വി.കുഞ്ഞിക്കൃഷ്ണൻ എന്നീ എംഎൽഎമാരുടെ ചിത്രം പതിച്ച കെഎസ്ആർടിസി ബസുകൾ കണ്ണൂരിലെ നിരത്തിലൂടെ ഉടൻ ഓടിത്തുടങ്ങും. ആസ്തിവികസന ഫണ്ടിൽനിന്ന് കെഎസ്ആർടിസിക്കു ടി.കെ.ഗോവിന്ദനും വി.കുഞ്ഞിക്കൃഷ്ണനും രണ്ടുവീതവും ടി.ഒ.മോഹനൻ ഒരു ബസും വാങ്ങിനൽകും. വാങ്ങുന്ന ബസുകളിൽ എംഎൽഎമാരുടെ ചിത്രം പ്രദർശിപ്പിക്കും.ടി.ഒ.മോഹനൻ നൽകുന്ന ബസിനുള്ള 45 ലക്ഷം രൂപ കഴിഞ്ഞദിവസം മന്ത്രി സി.പി.ജോണിനു കൈമാറിയിരുന്നു. പയ്യന്നൂർ മണ്ഡലത്തിൽ 2 ബസുകൾ വാങ്ങാൻ 75 ലക്ഷം രൂപയാണ് വി.കുഞ്ഞിക്കൃഷ്ണൻ എംഎൽഎ കെഎസ്ആർടിസിക്കു കൈമാറിയത്. 2 ബസുകൾ ലഭിച്ചാൽ മണ്ഡലത്തിലെ ഗ്രാമീണമേഖലയിലെ യാത്രാപ്രശ്‌നത്തിന് വലിയതോതിൽ പരിഹാരമാകുമെന്ന് എംഎൽഎ പറഞ്ഞു. രണ്ടു ബസുകൾക്കായി 90 ലക്ഷം രൂപ തളിപ്പറമ്പ് എംഎൽഎ ടി.കെ.ഗോവിന്ദൻ കൈമാറി. 75 ലക്ഷം രൂപയാണ് ആദ്യം കൈമാറിയതെങ്കിലും വലിയ ബസുകൾ ആയതിനാൽ 15 ലക്ഷം രൂപകൂടി കൈമാറുകയായിരുന്നുവെന്ന് ടി.കെ.ഗോവിന്ദൻ എംഎൽഎ പറഞ്ഞു.എംഎൽഎ ആവശ്യപ്പെടുന്ന റൂട്ടുകളിൽ പ്രസ്തുത ബസുകൾ സർവീസ് നടത്തണമെന്നാണ് നിബന്ധന. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആവശ്യപ്രകാരം തളിപ്പറമ്പ്, ബെംഗളൂരു കെഎസ്ആർടിസി ബസിന് മന്ത്രി അനുവാദം നൽകിയിരുന്നു. മലയോരത്തെ റോഡുകൾക്കാണ് ഈ വർഷം പ്രാധാന്യം നൽകുന്നതെന്നും ബസ് വാങ്ങി നൽകുന്ന കാര്യം പരിഗണനയിലാണെന്നും ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ് പറഞ്ഞു.ഈ വർഷം മറ്റു പദ്ധതികൾക്കു പണം മാറ്റിവച്ചതിനാൽ ബസ് വാങ്ങിനൽകാൻ കഴിയില്ലെന്നും അടുത്തവർഷം ബസ് നൽകുമെന്നും തലശ്ശേരി എംഎൽഎ കാരായി രാജൻ പറഞ്ഞു. ബസ് അനുവദിക്കുന്ന കാര്യത്തിൽ ഇടതുമുന്നണി ഒരു പൊതുതീരുമാനം എടുത്തിട്ടില്ലെന്ന് കല്യാശ്ശേരി എംഎൽഎ എം.വിജിൻ, മട്ടന്നൂർ എംഎൽഎ വി.കെ.സനോജ് എന്നിവർ പറഞ്ഞു. ബസ് നൽകുന്ന കാര്യം ഇപ്പോൾ പരിഗണനയിലില്ലെന്ന് അഴീക്കോട് എംഎൽഎ കെ.വി.സുമേഷ്, കൂത്തുപറമ്പ് എംഎൽഎ പി.കെ.പ്രവീൺ എന്നിവർ പറഞ്ഞു.സംസ്ഥാനത്ത് ഇതുവരെ 73 എംഎൽഎമാർ 103 ബസിനാണു കെഎസ്ആർടിസിക്ക് ഫണ്ട് നൽകിയത്. 3 ബസ് വരെ ചിലർ നൽകുന്നുണ്ട്. 23 എംഎൽഎമാർ 2 ബസ് വീതവും 39 പേർ ഓരോ ബസും വാങ്ങിനൽകും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles