ഫറോക്ക്: മേൽപാലത്തിൽ ഗർഡറുകൾ സ്ഥാപിക്കാൻ വീണ്ടും റോഡ് അടച്ച ചെറുവണ്ണൂരിൽ നടന്നു വലഞ്ഞ് യാത്രക്കാർ. പഴയ ദേശീയപാതയിലെ പൂർണ ഗതാഗത നിരോധനത്തിൽ ജനങ്ങളുടെ യാത്രാ ദുരിതം ഇരട്ടിയായി.ചെറുവണ്ണൂർ ജംക്‌ഷനിലും ടിപി റോഡ് ജംക്‌ഷനിലും എത്തുന്ന ബസുകളിൽ നിന്നിറങ്ങി 150 മീറ്ററോളം നടന്നെത്തിയാണു വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ യാത്ര തുടരുന്നത്. തിരക്കേറിയ രാവിലെയും വൈകിട്ടും അങ്ങാടി കടന്നു പോകാൻ ജനം പാടുപെട്ടു. ബസുകൾ മാറിക്കയറണം എന്നതാണു യാത്രക്കാരെ ഏറെ വലയ്ക്കുന്നത്.സ്ത്രീകൾക്കും വയോധികർക്കും ബസ് യാത്ര വെല്ലുവിളിയായി. യാത്രക്കാർക്ക് അധിക സാമ്പത്തിക ബാധ്യതയും വരുന്നു. ജനങ്ങൾ നടന്നു പോകുന്നതിനു സമീപത്തു കൂടി ക്രെയിൻ കൊണ്ടുപോകുന്നത് സുരക്ഷാ ഭീഷണിയും ഉയർത്തി. ᴋᴏᴢʜɪᴋᴏᴅᴇ ʟɪᴠᴇഫറോക്ക്, കടലുണ്ടി, ചാലിയം, ഫാറൂഖ് കോളജ്, കാരാട്, കരുവൻതിരുത്തി, പരപ്പനങ്ങാടി ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ ടിപി റോഡ് ജംക്‌ഷനു സമീപത്താണ് യാത്ര അവസാനിപ്പിക്കുന്നതും സർവീസ് തുടങ്ങുന്നതും. സിറ്റിയിലേക്കും ബേപ്പൂർ, പന്തീരാങ്കാവ് ഭാഗങ്ങളിലേക്കുമുള്ള ബസുകൾ ചെറുവണ്ണൂർ ജംക്‌ഷനിൽ നിന്നാണ് യാത്ര തുടങ്ങുന്നത്. അതേസമയം ചെറുവണ്ണൂർ ജംക്‌ഷനിലൂടെ ഗതാഗതം സാധ്യമായത് ബേപ്പൂർ മേഖലയിൽ നിന്നു കൊളത്തറ റോഡ് വഴി സഞ്ചരിക്കേണ്ട യാത്രക്കാർക്ക് ഏറെ ആശ്വാസമാണ്.ദീർഘദൂര ബസുകളും മറ്റു വാഹനങ്ങളും ദേശീയപാത 66 വഴി സർവീസ് നടത്തിയതിനാൽ ഫറോക്ക് മേഖലയിൽ റോഡിൽ പൊതുവേ തിരക്ക് കുറവായിരുന്നു.സമ്പൂർണ ഗതാഗത നിരോധനം ഏർപ്പെടുത്തിയതിനാൽ ട്രാഫിക് പൊലീസ് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഗതാഗത നിയന്ത്രണത്തിന് മേഖലയിലെ മിക്ക ജംക്‌ഷനുകളിൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.






