കോഴിക്കോട്:സംസ്ഥാനത്ത് കോഴിത്തീറ്റയുടെയും അസംസ്കൃത വസ്തുക്കളുടെയും വില വർധിച്ചതിനെ തുടർന്ന് ചെറുകിട ഇറച്ചിക്കോഴി കർഷകർ കടുത്ത പ്രതിസന്ധിയിൽ. കോഴിത്തീറ്റയിലെ പ്രധാന അസംസ്കൃത വസ്തുക്കളായ ചോളം, തവിട്, തരി തുടങ്ങിയവയുടെ വില കുതിച്ചുയർന്നതാണ് പ്രതിസന്ധിക്ക് കാരണമായി കർഷകർ ചൂണ്ടിക്കാട്ടുന്നത്. എഥനോൾ നിർമ്മിക്കുന്നതിനായി ചോളം വൻതോതിൽ ഉപയോഗിക്കുന്നതും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ഉത്പാദനക്കുറവുമാണ് വിലക്കയറ്റത്തിലേക്ക് നയിച്ചിരിക്കുന്നത്. എഥനോൾ ആവശ്യത്തിന് ചോളം വൻതോതിൽ ഉപയോഗിച്ചു തുടങ്ങിയതോടെ കാലിത്തീറ്റ അടക്കമുള്ള ഭക്ഷ്യ ആവശ്യത്തിനായി ചോളം മുമ്പത്തെപ്പോലെ ലഭ്യമല്ല. 50 കിലോഗ്രാം തൂക്കം വരുന്ന ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് നിലവിൽ 2660 രൂപയാണ് വില. മൂന്നര മാസം മുമ്പാണ് കോഴിത്തീറ്റയ്ക്ക് വില വർധിച്ചു തുടങ്ങിയത്. അന്ന് ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 2200 രൂപയായിരുന്നു വില. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് വിദേശരാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്തിരുന്ന വൈറ്റമിൻ പ്രീമിക്സിന് വില വർധിച്ചതും വിലക്കയറ്റത്തിനു കാരണമായിട്ടുണ്ട്. ഫാമുകളിൽ കോഴിക്കായി ബെഡായി ഒരുക്കുന്ന ചകിരിച്ചോറിനും അടുത്തിടെ വലിയ തോതിൽ വില വർധിച്ചിട്ടുണ്ട്. ഇതും കോഴികൃഷിയെ ബാധിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും കോഴിക്കുഞ്ഞിനെ എത്തിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള ലഭ്യത കുറഞ്ഞതോടെ ആന്ധ്രാപ്രദേശിൽ നിന്നും കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നുണ്ട്. ഇതും കർഷകരുടെ ചെലവ് വർധിപ്പിച്ചിട്ടുണ്ട്. ഒരു കോഴിക്കുഞ്ഞിന് 46 മുതൽ 51 രൂപ വരെ വില നൽകണം. 38 മുതൽ 45 ദിവസം ആകുമ്പോഴേക്കും അവ വിൽപ്പനയ്ക്ക് തയ്യാറാകും. ഒരു കിലോ കോഴി ഉത്പാദിപ്പിക്കാൻ നിലവിൽ കർഷകർക്ക് ഏകദേശം 126 രൂപ ചെലവുണ്ട്. എന്നാൽ കിലോഗ്രാമിന് 116 രൂപയ്ക്കാണ് ഫാമിൽ നിന്ന് കോഴിയെ കർഷകർ കൊടുക്കുന്നത്. ഒരു കോഴി ഏകദേശം മൂന്നര കിലോ ഗ്രാം തൂക്കം വയ്ക്കും. ഇതിനിടെ രണ്ടുതവണ അവയ്ക്ക് വാക്സിനും നൽകണം. കോഴിത്തീറ്റ വില വർധിച്ചതിന് പിന്നാലെ സംസ്ഥാനത്ത് കോഴിമുട്ട വിലയും വർധിച്ചിട്ടുണ്ട്. മുട്ടയ്ക്ക് മൂന്നാഴ്ച മുമ്പ് 6.50 രൂപയായിരുന്നു വില. നിലവിൽ എട്ടുരൂപയായി വർധിച്ചു. ക്രിസ്മസ് സീസൺ എത്തുന്നതോടെ ഇനിയും കോഴിയിറച്ചി വിലയും മുട്ട വിലയും വർധിക്കാനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു.






