spot_img
Saturday, November 14, 2026

കോഴിക്കോടിന്റെ വികസനത്തിന് നൂതന ആശയങ്ങൾ.



കോഴിക്കോട്: പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയുടെയും മലബാർ മേഖലയുടെയും സമഗ്ര വികസന കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിനായി സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ആശയരൂപീകരണ യോഗം സംഘടിപ്പിച്ചു. ​തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേള, കൊച്ചി-മുസിരിസ് ബിനാലെ എന്നിവയ്ക്ക് സമാനമായി കോഴിക്കോടിനും മലബാർ മേഖലയ്ക്കും തനതായ സാംസ്കാരിക വികസന മുഖമുദ്ര സൃഷ്ടിക്കണമെന്ന് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി അഭിപ്രായപ്പെട്ടു. മലബാറിന്റെ ഇന്തോ- അറബിക് സാംസ്കാരിക പൈതൃകവും രുചിവൈവിധ്യവും കോർത്തിണക്കി ഗസൽ ഫെസ്റ്റിവൽ പോലെ ഇവന്റുകൾ സംഘടിപ്പിക്കണമെന്നും നിർദ്ദേശിച്ചു. ഇന്ത്യയിലെ അംഗീകൃത 27 തണ്ണീർത്തടങ്ങളിൽ ഒന്നായ സരോവരത്തെ കയ്യേറ്റങ്ങളിൽ നിന്നും അനധികൃത നിർമാണങ്ങളിൽ നിന്നും സംരക്ഷിച്ച് ജൈവ ആവാസവ്യവസ്ഥയായി നിലനിർത്തണം. ​ബീച്ചുകൾ ദത്തെടുത്ത് പരസ്യവരുമാനത്തിലൂടെയും ഡെപ്പോസിറ്റ് റീഫണ്ട് സംവിധാനത്തിലൂടെയും മാലിന്യമുക്തമാക്കാൻ സംരംഭകർ സന്നദ്ധത അറിയിച്ചു. അതിവേഗ റെയിൽപാത, കോഴിക്കോട്- വയനാട് അതിവേഗ റെയിൽ ഇടനാഴി, ബേപ്പൂർ തുറമുഖ വികസനം, കരിപ്പൂർ വിമാനത്താവള വികസനം, വിമാനത്താവള കണക്റ്റിവിറ്റി വർധിപ്പിക്കൽ എന്നിവയ്ക്ക് പദ്ധതിയിൽ മുൻഗണന നൽകണമെന്ന് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധികൾ ആവശ്യപ്പെട്ടു. ​ക്ഷീരകർഷക മേഖലയിൽ ഗുണമേന്മയുള്ള ബീജം (സെമൻ) ലഭ്യമാക്കുന്നതിനും മികച്ച ഇനം കന്നുകാലികളുടെ പ്രജനനം ഉറപ്പാക്കുന്നതിനും കൂടുതൽ ഫലപ്രദമായ സംവിധാനങ്ങൾ ഒരുക്കേണ്ടതിന്റെ ആവശ്യകത ചർച്ചയിൽ ഉയർന്നു. 20-30 വർഷങ്ങൾക്ക് മുമ്പ് തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ലഭ്യമായിരുന്ന ഗുണമേന്മയുള്ള സെമൻ ഇന്ന് കേരളത്തിലെ കർഷകർക്ക് ആവശ്യത്തിന് ലഭ്യമാകാത്ത സാഹചര്യമുണ്ടെന്ന് വിലയിരുത്തലുണ്ടായി. ​മികച്ച ഇനങ്ങളിലുള്ള കന്നുകാലികളെ വികസിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ ഫാമുകളിലും കർഷകരുടെ തൊഴുത്തുകളിലും കൂടുതൽ കാര്യക്ഷമമായി നടപ്പാക്കേണ്ടതുണ്ട്. ക്ഷീരകർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനായി ഉൽപ്പാദിപ്പിക്കുന്ന ഓരോ ലിറ്റർ പാലിനും ഒന്നോ രണ്ടോ രൂപ വീതം ഇൻസെന്റീവ് നൽകുന്നതും പരിഗണിക്കേണ്ട നിർദേശമായി ഉയർന്നു. ഇത് കർഷകർക്ക് അധികവരുമാനം ഉറപ്പാക്കുന്നതിനൊപ്പം ക്ഷീരമേഖലയെ കൂടുതൽ സുസ്ഥിരമാക്കാനും സഹായിക്കുമെന്ന് വിലയിരുത്തി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles