spot_img
Thursday, December 18, 2025

ആളില്ലാത്ത പാർക്കിങ് സ്ഥലത്തു നിന്നും വാഹന മോഷണം, പ്രതി പിടിയിൽ



നഗരത്തിൽ വ്യാപാര സ്ഥാപനങ്ങളുടെ പരിസരത്തുനിന്നും ആളില്ലാത്ത പാർക്കിങ് സ്ഥലത്തു നിന്നും വാഹനം മോഷ്ടിക്കുന്ന യുവാവിനെ നടക്കാവ് പൊലീസ് ഇൻസ്പെക്ടർ പി.കെ.ജിജീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. അത്തോളി പി.ടി.ലിപിൻ (26) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നു മോഷ്ടിച്ച വാഹനം പൊലീസ് കണ്ടെടുത്തു. ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ 26 ന് രാവിലെ 11.45 ന് എരഞ്ഞിപ്പാലം കാലിക്കറ്റ് ട്രേഡ് സെന്ററിന്റെ മുൻവശത്തെ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട മേപ്പയൂർ സ്വദേശിയായ യുവതിയുടെ സ്കൂട്ടർ യുവാവ് മോഷ്ടിച്ചിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലും സൈബർ സെല്ലിന്റെ സഹായത്താലും പ്രതിയെ കുറിച്ച് സൂചന ലഭിച്ചു. എലത്തൂർ പുതിയ നിരത്തിലുള്ള ബന്ധുവീട്ടിൽ പ്രതി എത്തിയെന്ന വിവരത്തിൽ പൊലീസ് അവിടെ എത്തിയെങ്കിലും പിടികൂടാനായില്ല.ഒരു കിലോമീറ്ററോളം പിറകെ ഓടി പൊലീസ് പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. ഇയാൾ മുൻപ് എലത്തൂർ പൊലീസ് സ്റ്റേഷനിൽ ലഹരി മരുന്ന് കേസിൽ പ്രതിയായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. നടക്കാവ് എസ്ഐ ബിനു മോഹൻ, എൻ.ലീല, ബാബു പുതുശ്ശേരി, എഎസ്ഐ കെ.ശശികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.വി.ശ്രീകാന്ത് തുടങ്ങിയവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles