spot_img
Thursday, December 18, 2025

സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി, വധു ബാഡ്മിന്‍റണ്‍ താരം റെസ ഫര്‍ഹാത്ത്



കണ്ണൂര്‍: കേരളാ ബ്ലാസ്റ്റേഴ്സ് യുവതാരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി. ബാഡ്മിന്‍റണ്‍ താരം കൂടിയായ റെസ ഫര്‍ഹാത്ത് ആണ് വധു. ബ്ലാസ്റ്റേഴ്സ് ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ സഹലിന്‍റെ വിവാഹചിത്രങ്ങള്‍ പുറത്തുവിട്ടു. ബ്ലാസ്റ്റേഴ്സില്‍ സഹലിന്‍റെ സഹതാരങ്ങളായ രാഹുല്‍ കെ പി, സച്ചിന്‍ സുരേഷ് തുടങ്ങിയവര്‍ വിവാഹത്തിന് എത്തിയിരുന്നു. ക്ലബ്ബിലെയും ഇന്ത്യന്‍ ടീമിലെയും സഹതാരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമായി സഹല്‍ പ്രത്യേകം വിവാഹസല്‍ക്കാരം നടത്തുമെന്നാണ് സൂചന.

ഇന്ത്യയുടെ സാഫ് കപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചതിന് പിന്നാലെയാണ് സഹലിന് വിവാഹത്തിന്‍റെ ഇരട്ടി മധുരവുമെത്തിയത്. സാഫ് കപ്പ് ഫൈനലില്‍ കുവൈറ്റിനെതിരെ ഇന്ത്യക്ക് ലാലിയൻസുവാല ചാംഗ്തേ സമനില ഗോള്‍ സമ്മാനിച്ചത് സഹലിന്‍റെ അസിസ്റ്റില്‍ നിന്നായിരുന്നു.

നേരത്തെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ സഹല്‍ കേരള ബ്ലാസ്റ്റേഴ്സ് വിട്ടേക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ്സ് അടക്കമുള്ള ക്ലബ്ബുകള്‍ സഹലിനായി രംഗത്തുണ്ടെന്നും സൂചനകളുണ്ട്. അതേസമയം, സഹല്‍ സൗദി പ്രോ ലീഗിലേക്കു പോകുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ 2025വരെ സഹലുമായി കേരളാ ബ്ലാസ്റ്റേഴ്സിന് കരാറുണ്ട്. സഹലിനെ സ്വന്തമാക്കണമെങ്കില്‍ വന്‍തുക ട്രാന്‍സ്ഫര്‍ ഫീ ആയി കേരള ബ്ലാസ്റ്റേഴ്സിന് നല്‍കേണ്ടിവരും.

രാജ്യത്തെ മികച്ച മധ്യനിര താരങ്ങളിലൊരാളായ സഹല്‍ 2017ലാണ് കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞക്കുപ്പായത്തിലെത്തുന്നത്. ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതിന്‍റെ റെക്കോര്‍ഡ്(97) സഹലിന്‍റെ പേരിലാണ്. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിനായി പത്തു ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് സഹലിന്‍റെ നേട്ടം. ഇന്ത്യന്‍ കുപ്പായത്തില്‍ 30 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളും സ്വന്തമാക്കിയിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles