പുതുപ്പള്ളി∙താൻ ഞെഞ്ചോടു ചേർത്ത പുതുപ്പള്ളിയിലേക്ക്, ആ ജനസഞ്ചയത്തിനു നടുവിലേക്ക് ഉമ്മൻ ചാണ്ടി ഒരിക്കൽ കൂടി എത്തി. നിറക്കണ്ണുകളോടെ തന്റെ ചുറ്റുംകൂടിയ പ്രിയപ്പെട്ടവരെ കണ്ട് ഉമ്മൻ ചാണ്ടിയുടെ മനസ് നീറിയിട്ടുണ്ടാവും. ജനക്കൂട്ടം എക്കാലവും ഹരമായിരുന്ന ഉമ്മൻ ചാണ്ടിക്കും ഉമ്മൻ ചാണ്ടി എക്കാലവും ഹരമായിരുന്ന പുതുപ്പള്ളിക്കും പക്ഷെ ഈ കൂടിക്കാഴ്ച ഹൃദയഭേദകമായിരുന്നു. തന്റെ ജീവന്റെ ജീവനായ നാടിനോടുള്ള യാത്രപറച്ചിൽ ഉമ്മൻ ചാണ്ടിക്കും പുതുപ്പള്ളിയുടെ നെഞ്ചിടിപ്പായ ഉമ്മൻ ചാണ്ടിയോട് യാത്ര പറയാൻ ഈ നാട്ടുകാർക്കും എങ്ങനെ സാധിക്കും.മുൻനിശ്ചയിച്ചതിലും മണിക്കൂറുകൾ വൈകി, വൈകിട്ട് ആറരയോടെയാണ് തന്റെ നാട്ടുകാരുടെ മധ്യത്തിലേക്ക് ഉമ്മൻ ചാണ്ടി അവസാന യാത്രയ്ക്കായി എത്തിയത്. കരോട്ടു വള്ളകാലിൽ തറവാട്ടുമുറ്റവും പരിസരവും അപ്പോഴേക്കും ജനസമുദ്രമായിക്കഴിഞ്ഞിരുന്നു. ശാരീരിക അവശതകൾക്കിടയിലും സ്ത്രീകളടക്കമുള്ളവർ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിയെ കാണാൻ കാത്തുനിന്നു.
പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞിനെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക വാഹനം വീടിനു മുന്നിലേക്ക് എത്തിയപ്പോൾ കണ്ടുനിന്നവരിലേറെയും നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു. ചേതനയറ്റ ശരീരമായി നേതാവിനെ കണ്ട് അവർണനീയമായ ദുഃഖഭാരത്തോടെ കണ്ഠമിടറുമാറ് ശബ്ദത്തിൽ അനുയായികൾ മുദ്രാവാക്യങ്ങൾ മുഴക്കി. വീടിന്റെ പരിസരത്ത് തിങ്ങിനിറഞ്ഞ് നിൽക്കുന്നവർ പാലിക്കാൻ തുടർച്ചയായി നിർദേശങ്ങൾ വന്നുകൊണ്ടിരുന്നെങ്കിലും വികാരവായ്പ്പിൽ എല്ലാം അപ്രസക്തമായി. ഭൗതികശരീരം ഭവനത്തിനുള്ളിലേക്കു എത്തിച്ചതോടെ സഹോദരങ്ങളായ അലക്സും അച്ചാമ്മയും മറ്റു കുടുംബാംഗങ്ങളും ഉൾപ്പെടെയുള്ളവരുടെ ദുഃഖം അണപ്പൊട്ടി.

ഭവനത്തിനുള്ളിലെ പ്രാർത്ഥനകൾക്കു ശേഷം മൃതദേഹം പുറത്തേക്കെടുത്തപ്പോൾ അവിടെ തടിച്ചു കൂടിയിരുന്നവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പ്രിയ നേതാവിനെ അവസാനമായി ഒന്നു കാണാൻ അപ്പോഴും ആളുകൾ കരോട്ടു വള്ളകാലിൽ തറവാട്ടുമുറ്റത്തേക്ക് എത്തിക്കൊണ്ടിരുന്നു. പ്രമുഖ നേതാക്കളുടെ നീണ്ട നിരയാണ് ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരമർപ്പിക്കാൻ പുതുപ്പള്ളിയിൽ എത്തിയത്.
തറവാട്ടു വീടിനോട് യാത്ര പറഞ്ഞ് കുഞ്ഞൂഞ്ഞ് താൻ ഏറെ ആഗ്രഹിച്ച് നിർമാണം ആരംഭിച്ച വീട്ടുമുറ്റത്തേക്ക്. തുടർന്ന് ഏതു പ്രതിസന്ധിയിലും തന്റെ ആശ്രയകേന്ദ്രമായിരുന്ന പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി അങ്കണത്തിലേക്ക്. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകർമികത്വത്തിൽ കബറടക്ക ശുശ്രൂഷകൾക്കു ശേഷം പ്രത്യേകം തയാറാക്കിയ കബറിൽ രാത്രി 12 മണിയോടെ ഭൗതികശരീരം സംസ്കരിച്ചു. അരനൂറ്റാണ്ടിലേറെ ജനസാഗരത്തിനു മധ്യേ ജീവിച്ച കേരള രാഷ്ട്രീയത്തിലെ അതികായൻ തിരുക്കുകളില്ലാത്ത ലോകത്തേക്കു യാത്രയായി. രാഷ്ട്രീയ പ്രവർത്തകർക്കിടയിലെ അതിശയൻ ഇനി ദീപ്തമായ ഓർമ.






