ന്യൂഡൽഹി∙ നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർത്തിയ സംഭവത്തിൽ ഉത്തരവാദികൾക്ക് ലഭിക്കാവുന്നതിൽവച്ച് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം ചോദ്യപ്പേപ്പർ ചോർച്ച തടയേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ പറഞ്ഞതായി കേന്ദ്ര മന്ത്രി കിരൺ റിജിജു പറഞ്ഞു.
രാഷ്ട്രീയമായ ഭിന്നതകൾ നിലനിൽക്കുമ്പോൾത്തന്നെ, രാജ്യത്തെ യുവാക്കളുടെ ഭാവിക്കും ക്ഷേമത്തിനുമായി ഒന്നിച്ചു നിൽക്കേണ്ട ഉത്തരവാദിത്വം എല്ലാ എംപിമാർക്കുമുണ്ടെന്നും, എൻഡിഎ സഖ്യകക്ഷികളും പ്രതിപക്ഷ പാർട്ടികളും ഇക്കാര്യത്തിൽ ഒന്നിച്ചു പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞതായി റിജിജു അറിയിച്ചു. തങ്ങളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കപ്പെടണമെന്ന് വിദ്യാർഥികൾക്ക് ഉറപ്പു നൽകേണ്ടതുണ്ടെന്നും എന്നാൽ പ്രതിപക്ഷം നടത്തുന്ന ഗൂഢാലോചനയെക്കുറിച്ചും അവർ അറിഞ്ഞിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.നീറ്റ് ചോദ്യപ്പേപ്പർ വിഷയത്തിൽ കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ നടന്ന മാർച്ചിൽ സംഘർഷമുണ്ടാകുകയും ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തതിനു പിറ്റേന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.






