കൊടുവള്ളി വെണ്ണക്കാട് പാറക്കടവിൽ മമ്മിക്ക ഇപ്പോൾ ഹീറോയാണ്. നാട്ടുകാരുടെ മാത്രമല്ല, ഈ മേക്ക്ഓവർ ഫോട്ടോ കണ്ട സാമൂഹ്യ മാധ്യമങ്ങളിലെ ലക്ഷക്കണക്കിന് പേരുടെയും ഹീറോ.
പൊടുന്നനെയാണ് മമ്മിക്കയുടെ ലെവൽ മാറിയതെന്ന് നാട്ടിലെ ന്യൂജൻ പിള്ളേർ തന്നെ പറയുന്നു. മമ്മി ഹീറോയാടാ….എന്ന കമന്റാണ് ഫേസ്ബുക്കിലും, ഇൻസ്റ്റഗ്രാമിലും വരുന്ന കമന്റുകളിലധികവും.
ഇനി മമ്മിക്കായുടെ ജീവിതം മാറ്റിമറിച്ച കഥ പറയാം.ഒരൊറ്റ ഫോട്ടോ ഷൂട്ടോടെയാണ് കോഴിക്കോട് വെണ്ണക്കാട് സ്വദേശി മമ്മിയെ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തത്. കൂലിവേലയും കഴിഞ്ഞ് മുഷിഞ്ഞ വേഷത്തിൽ മീനും പച്ചക്കറിയും വാങ്ങി നടന്നകലുന്ന മമ്മിക്കയുടെ ചിത്രമാണ് അതുവരെ നാട്ടുകാരുടെ മനസ്സിലുണ്ടായിരുന്നത്.
എന്നാൽ കോട്ടും സൂട്ടുമണിഞ്ഞ് കൈയ്യിൽ ഐ പാഡുമായി ഇരിക്കുന്ന മമ്മിക്കയുടെ കിടിലൻ ലൂക്കിലുള്ള ഫോട്ടോ കണ്ട് നാട്ടുകാർ ആദ്യം ഞെട്ടി, പിന്നെ ഫേസ്ബുക്കിലെ കാഴ്ചക്കാരും.തുറിച്ച് നോക്കല്ലേ, ഇഷ്ടമുള്ളത് ധരിക്കാൻ അവകാശമുണ്ട്; ഫോട്ടോഷൂട്ടുമായി മേക്കപ് ആർട്ടിസ്റ്റ് ടോണി മൈക്കിൾഒരു സ്ഥാപനത്തിന്റെ പരസ്യത്തിനായി അണിയറപ്രവർത്തകർ മമ്മിക്കയെ മോഡലാക്കുകയായിരുന്നു.
വെണ്ണക്കാട് സ്വദേശിയും ഫോട്ടോഗ്രാഫറുമായ ഷരീക്ക് വയലിൽ ആണ് ഫോട്ടോ ഷൂട്ടിന് ചുക്കാൻ പിടിച്ചത്. നാട്ടുകാർക്കിടയിൽ പ്രിയങ്കരനായ മമ്മിക്കയുടെ ഒരു ചിത്രമെടുത്ത് മുൻപ് ഷരീക്ക് ഫേസ്ബുക്കിലിട്ടിരുന്നു. നടൻ വിനായകനുമായി ഏറെ സാമ്യമുളള മുഖഭാവത്തോടെയുള്ള ആ ഫോട്ടോക്ക് മികച്ച പ്രതികരണമാണ് അന്ന് ലഭിച്ചിരുന്നത്. ഇതാണ് മമ്മിക്കയെ ഒരു പരസ്യത്തിന്റെ ഫോട്ടോ ഷൂട്ടിനായി സമീപിക്കാൻ പ്രേരിപ്പിച്ചതെന്ന് ഷരീക്ക് പറയുന്നു.
ഷരീക്കിന്റെ ഉടമസ്ഥതയിലുള്ള ഒരു വെഡിങ്ങ് സ്യൂട്ട് സ്ഥാപനത്തിന്റെ പരസ്യങ്ങളിലേക്കുവേണ്ടിയാണ് അറുപത് വയസ്സുള്ള മമ്മിക്ക മോഡലായി മാറിയത്. ഇതിന്റെ ചിത്രങ്ങളും മേക്കിങ്ങ് വീഡിയോയും സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തപ്പോൾ ലക്ഷകണക്കിന് പേരാണ് കാഴ്ചക്കാരായെത്തിയത്. ഒരു മില്ല്യണിലധികം പേരാണ് ഫേസ്ബുക്കിലിട്ട മേക്കിങ്ങ് വീഡിയോ കണ്ടിരിക്കുന്നത്.
ബ്യൂട്ടീഷനായ മജ്‌നാസ് ആരാമ്പ്രമാണ് മമ്മിയുടെ മേക്ക് ഓവർ നിർവ്വഹിച്ചത്. ആഷിഖ് ഫുആദ്, ഷബീബ് വയലിൽ, എന്നിവർ ഫോട്ടോ ഷൂട്ടിന്റെ അണിയറയിൽ പ്രവർത്തിച്ചു. ഫോട്ടോ ഷൂട്ട് ഹിറ്റായതോടെ ഇനി കൂലിപ്പണിക്കൊപ്പം ഇടയ്ക്ക് മോഡലിങ്ങും പയറ്റാമെന്ന തീരുമാനത്തിലാണ് മമ്മിക്കയിപ്പോൾ.






